പാലക്കാട്ടെ ട്രോളി ബാഗ് വിവാദത്തില്‍ സരിനെയും സിപിഎമ്മിനെയും ട്രോളി കോണ്‍ഗ്രസ് നേതാവ് വിടി ബല്‍റാം. മലക്കം മറിഞ്ഞ് നല്ല ശീലമുള്ള ഒരു സ്ഥാനാർത്ഥിയെ കയ്യിൽ കിട്ടിയെന്ന് വച്ച് ആ പാവത്തെ ഇങ്ങനെയിട്ട് വട്ടു കളിപ്പിക്കരുതെന്ന് ബല്‍റാം ഫെയ്സ്ബുക്കില്‍ കുറിച്ചു. പാതിരാ റെയ്ഡിനെപ്പറ്റി സ്ഥാനാര്‍ഥി പി സരിന്‍ ആദ്യം പറഞ്ഞതും, സിപിഎം എതിര്‍പ്പുമായെത്തിയതോടെ ജില്ലാ സെക്രട്ടറി പറഞ്ഞതാണ് ശരിയെന്ന് തിരുത്തുകയും ചെയ്തതിനെ ട്രോളിയാണ് ഫെയ്സ്ബുക്ക് പോസ്റ്റ്. പി സരിന്‍റെയും പാര്‍ട്ടിയുടെയും നിലപാട് മാറ്റങ്ങള്‍ അക്കമിട്ട് നിരത്തിക്കൊണ്ടായിരുന്നു ബല്‍റാമിന്‍റെ പരിഹാസം.
പാതിരാ പരിശോധനയും കോണ്‍ഗ്രസിനെതിരായ കള്ളപ്പണ ആരോപണവും തിരിച്ചടിയായെന്നാണ് സിപിഎം വിലയിരുത്തല്‍. പെട്ടി ദൂരേയ്ക്ക് വലിച്ചെറിയണമെന്നായിരുന്നു സിപിഎം സംസ്ഥാന സമിതിയംഗം എന്‍.എന്‍.കൃഷ്ണദാസിന്‍റെ നിലപാട്. കോണ്‍ഗ്രസിന്‍റെ ട്രാപ്പില്‍ തലവെച്ചുകൊടുക്കരുത്. നീലപ്പെട്ടിയോ പച്ചപ്പെട്ടിയോ എന്നതല്ല തിരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യേണ്ടത്. ജനകീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യണം. സഖാക്കള്‍ വരും ദിവസങ്ങളില്‍ ഇക്കാര്യം ഓര്‍മിക്കണമെന്നും കൃഷ്ണദാസ് പറഞ്ഞിരുന്നു.
പെട്ടിവിവാദത്തില്‍ എന്‍.എന്‍.കൃഷ്ണദാസിന്റെ നിലപാടിനെ തുണച്ച് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും രംഗത്തെത്തി. പാലക്കാട്ട് പ്രചാരണവിഷയം പെട്ടിയില്‍ മാത്രം ഒതുക്കേണ്ട. ഒന്നിനുപിറകെ ഒന്നായി വിഷയങ്ങള്‍ ഉയര്‍ന്നുവരും, ഓരോന്നും നേരിടണം. ഒന്നിനുവേണ്ടി മറ്റൊന്നിനെ ഒഴിവാക്കേണ്ട കാര്യമില്ലെന്നും പാര്‍ട്ടി സെക്രട്ടറി വ്യക്തമാക്കി.
ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ രൂപം
1) പാതിരാ റെയ്ഡ് ഷാഫിയുടെ സംവിധാനമെന്ന് സ്ഥാനാർത്ഥി
2) സ്ഥാനാർത്ഥി പറഞ്ഞത് പാർട്ടി നിലപാടല്ല എന്ന് ജില്ലാ സെക്രട്ടറി
3) ജില്ലാ സെക്രട്ടറി പറഞ്ഞതാണ് ശരിയെന്ന് സ്ഥാനാർത്ഥിയുടെ മലക്കം മറിച്ചിൽ
4) ജില്ലാ സെക്രട്ടറി പറഞ്ഞത് ശരിയല്ല, ഷാഫി തന്നെയാണ് സംവിധായകൻ എന്ന് സംസ്ഥാന സെക്രട്ടറി
5) സംസ്ഥാന സെക്രട്ടറിയാണ് ശരിക്കും ശരിയെന്ന് സ്ഥാനാർത്ഥി.
6) ഈ നീല പെട്ടിയും പൊക്കിപ്പിടിച്ച് നടക്കാൻ നാണമില്ലേ എന്ന് എൻഎൻ കൃഷ്ണദാസ്.
7) കൃഷ്ണദാസേട്ടൻ എപ്പോഴും ശരിയേ പറയൂ എന്ന് സ്ഥാനാർത്ഥി.
8.) ……
മലക്കം മറിഞ്ഞ് നല്ല ശീലമുള്ള ഒരു സ്ഥാനാർത്ഥിയെ കയ്യിൽ കിട്ടിയെന്ന് വച്ച് ആ പാവത്തെ ഇങ്ങനെയിട്ട് വട്ടു കളിപ്പിക്കരുത് എന്നേ സിപിഎം നേതാക്കളോട് പറയാനുള്ളൂ.