cm-meppady

മൂന്നു കുട്ടികൾക്ക് ഭക്ഷ്യ വിഷബാധയേറ്റതോടെ, വയനാട്ടിലെ കിറ്റ് വിതരണം  നിർത്തിവെക്കാൻ ജില്ലാ കലക്ടർ ഉത്തരവിട്ടു. പരിശോധിച്ചശേഷമാകും തുടര്‍നീക്കം. വിവാദത്തിൽ രാഷ്ട്രീയപ്പോരും കനത്തു. മേപ്പാടി പ‍ഞ്ചായത്തിനെതിരെ മുഖ്യമന്ത്രി രംഗത്തെത്തി. റവന്യൂ വകുപ്പാണ് അരി നല്‍കിയതെന്നും മുഖ്യമന്ത്രി കള്ളം പറയുകയാണെന്നും കോണ്‍ഗ്രസ് തിരിച്ചടിച്ചു.

 

മേപ്പാടിയിൽ ദുരന്ത ബാധിതരായ കുട്ടിക്ക് ഭക്ഷ്യ വിഷബാധയേറ്റതോടെയാണ് പ്രതിഷേധത്തിന് ഇന്നും ചൂടു പിടിച്ചത്. മേപ്പാടി കുന്നംപറ്റയിലെ വാടക ഫ്ലാറ്റിൽ കഴിയുന്ന ദുരന്ത ബാധിതരായ കുട്ടിക്കും ബന്ധുവായ മറ്റൊരു കുട്ടിക്കുമാണ് ഛർദിയും വയറിളക്കവും അനുഭവപ്പെട്ടത്. കുട്ടിയെ വൈത്തിരി താലൂക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. സംഭവത്തിൽ പ്രതിഷേധിച്ചു സിപിഎം പ്രവർത്തകർ മേപ്പാടി ടൗണിൽ സംസ്ഥാന പാത ഉപരോധിച്ചു. പ്രവർത്തകരെ പിന്നീട് അറസ്റ്റ് ചെയ്തു നീക്കി.

വാദ പ്രതിവാദങ്ങളും ആരോപണങ്ങളും ഇന്നും തുടർന്നു. വയനാട്ടിൽ പ്രാദേശിക ഭരണ കൂടം പഴയ ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്തത് ഗുരുതരമായ പ്രശ്നമാണ്. അന്വേഷണം നടക്കുന്നെന്നും മുഖ്യമന്ത്രി ചേലക്കരയിൽ. സർക്കാരിൻറെ ഭാഗത്തു വീഴ്ച്ചയില്ലെന്നും ആറു പഞ്ചായത്തിൽ ഇല്ലാത്ത പ്രശ്നം എങ്ങനെയാണ് ഒരു പഞ്ചായത്തിൽ മാത്രം ഉണ്ടായതെന്നും കെ. രാജൻ പറഞ്ഞു. 

റവന്യൂ വകുപ്പ് വിതരണം ചെയ്തത് പഴയ അരി തന്നെയെന്നും പഞ്ചായത്തുകളിലേക്ക് വിതരണം ചെയ്ത ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരം പരിശോധിക്കുവാൻ പോലും റവന്യൂ വകുപ്പ് തയ്യാറായില്ലെന്നും സ്ഥലം എംഎൽഎ ടി സിദ്ദീഖ്. അതിനിടെ സ്റ്റോക്കിലുള്ള ഭക്ഷ്യസാധനങ്ങൾ പരിശോധിക്കാനും നിലവിലെ കിറ്റ് വിതരണം നിർത്തി വെക്കാനും ജില്ലാ കലക്ടർ ഭക്ഷ്യ സുരക്ഷാ വകുപ്പിന് നിർദ്ദേശം നൽകി. 

ENGLISH SUMMARY:

Advisory to Halt Distribution of Kits