പ്രവാസികളടക്കം എഴുനൂറിലേറെ നിക്ഷേപകരെ കടക്കെണിയിലാക്കി തൃശൂര്‍ ഏങ്ങണ്ടിയൂരിലെ പ്രവാസി ഗ്രൂപ്പ് ഓഫ് കമ്പനീസിന്‍റെ കോടികളുടെ തട്ടിപ്പ്. വിവിധ കമ്പനികളുടെ പേരില്‍ പണമായും, സ്വർണമായും നിക്ഷേപങ്ങൾ സ്വീകരിച്ച ശേഷം കാലാവധി കഴിഞ്ഞിട്ടും ചില്ലിക്കാശ് മടക്കി നല്‍കിയില്ല. 45 കോടിയിലേറെ രൂപ തട്ടിയ കമ്പനി ചെയര്‍മാന്‍, ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ ലാഭവിഹിതം വീതിച്ചെടുത്ത് സ്വത്തുക്കള്‍ വാങ്ങികൂട്ടിയെന്നും ആരോപണം.
ശിവരാമന്‍ ചേട്ടനെ പോലെ ജീവിതത്തിന്‍റെ വലിയ പങ്ക് പ്രവാസലോകത്ത് കഷ്ടപ്പെട്ട നൂറുകണക്കിനാളുകളുടെ ജീവിതമാണ് വഴിമുട്ടിയത്. സ്വന്തം കുടുംബാഗങ്ങളെ പോലെ വിശ്വസിച്ചവര്‍ തന്നെയാണ് കൂടെ നിന്ന് ചതിച്ചതും. കോവിഡിനെ തുടര്‍ന്ന് ജോലിനഷ്ടപ്പെട്ട് നാട്ടിലെത്തിയ പലരുടെയും പ്രതീക്ഷ പ്രവാസി ഗ്രൂപ്പ് ഓഫ് കമ്പനീസില്‍ നടത്തിയ നിക്ഷേപങ്ങളായിരുന്നു. മക്കളുടെ വിവാഹം, പഠനം, സംരംഭങ്ങള്‍ എന്നിങ്ങനെ പല സ്വപ്നങ്ങളോടെ എണ്ണൂറിലേറെ പേരാണ് പ്രവാസി ഗ്രൂപ്പിന്‍റെ കീഴിലുള്ള എട്ട് കമ്പനികളില്‍ നിക്ഷേപം നടത്തിയത്. കമ്പനികളുടെ തലപ്പത്തുണ്ടായിരുന്നവര്‍ നാട്ടുകാരില്‍ നിന്ന് ശേഖരിച്ച ഈ പണമുപയോഗിച്ച് വീടും സ്ഥലവും വാങ്ങികൂട്ടി. സിനിമ പിടിച്ചും പണം ധൂര്‍ത്തടിച്ചു.
2021 മുതല്‍ പണം ആവശ്യപ്പെട്ടെത്തിയ നിക്ഷേപകരെ പല അവധികള്‍ പറഞ്ഞ് കമ്പനി ഡയറക്ടര്‍മാര്‍ മടക്കി. ഗുരുതര ക്രമക്കേടുകളില്‍ അന്വേഷണം ആവശ്യപ്പെട്ട് പൊലീസിനെ സമീപിച്ചെങ്കിലും കേസെടുക്കാന്‍ ആദ്യഘട്ടത്തില്‍ തയാറായില്ല. വലിയ സമ്മര്‍ദങ്ങള്‍ക്കൊടുവില്‍ കഴിഞ്ഞ മാസം 36 പേരുടെ പരാതിയില്‍ വലപ്പാട്, അന്തിക്കാട്, വാടാനപ്പള്ളി സ്റ്റേഷനുകളില്‍ 19 എഫ്ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തു. അന്വേഷണം എങ്ങുമെത്താതെ വന്നതോടെയാണ് നിക്ഷേപകര്‍ ഇഡിയെ സമീപിച്ചത്.