പാലക്കാട്ടെ പെട്ടി വിവാദം അവസാനിച്ച അധ്യായമാണന്ന തുറന്നു പറച്ചിലില്‍ സംസ്ഥാന സമിതി അംഗം എന്‍.എന്‍ .കൃഷ്ണദാസിനെതിരെ  സിപിഎമ്മില്‍ കടുത്ത അമര്‍ഷം. കൃഷ്ണദാസിന്റെ തുറന്നു പറച്ചില്‍ സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയെന്നാണ് പാർട്ടിക്കകത്തെ പൊതുവികാരം.  താന്‍ പറയുന്നതാണു പാര്‍ട്ടി നിലപാടെന്നു വിശദീകരിച്ചു ജില്ലാ സെക്രട്ടറി രംഗത്തെത്തിയത് പാലക്കാട്ട് സിപിഎമ്മില്‍ ഗ്രൂപ്പിസം ശക്തമാണന്ന സന്ദേശമാണു നല്‍കുന്നതെന്നും നേതാക്കന്‍മാര്‍ പറയുന്നു.

ആദ്യം പാര്‍ട്ടി വേദിയിലും പിറകെ മനോരമ ന്യൂസ് ക്യാമറയ്ക്ക് മുന്നിലുമായുള്ള മുതിര്‍ന്ന നേതാവിന്റെ ഈ തുറന്നുപറച്ചിലുകള്‍ സി.പി.എമ്മിനെ എത്തിച്ചതു സമാനതകളില്ലാത്ത പ്രതിസന്ധിയിലേക്കാണ്. കൃഷ്ണദാസിന്റെ തുറന്നു പറച്ചില്‍ വേണ്ടിയിരുന്നില്ലെന്ന പൊതുവികാരമാണു പാര്‍ട്ടിയില്‍. പെട്ടി വിവാദത്തിന്റെ കാലാവധി കഴിഞ്ഞെന്ന തുറന്നു പറച്ചിലില്‍‌‌‌, യു.‍ഡി.എഫിന് വടികൊടുത്തപോലെയായി. ഇതുമനസിലാക്കിയാണു രാഷ്ട്രീയമടക്കം എല്ലാ വിഷയങ്ങളും തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകുന്നുണ്ട‌െന്നു മനോരമ ന്യൂസിനോടു പറഞ്ഞ സംസ്ഥാന സെക്രട്ടറി ഇരുട്ടി വെളുത്തപ്പോഴേക്കും നിലപാട് മാറ്റിയത്. കള്ളപ്പണം എത്തിയിട്ടുണ്ടെന്ന് ഉറപ്പിച്ച എം.വി.ഗോവിന്ദന്‍ പെട്ടി ചര്‍ച്ച ചെയ്തേ പോകൂവെന്നു പറഞ്ഞ സംസ്ഥാന സമിതി അംഗമായ എന്‍.എന്‍. കൃഷ്ണദാസിനെ പാടേ തള്ളിക്കളഞ്ഞു.‌

ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ലാപ്പില്‍ ജില്ലയില്‍ നിന്നുള്ള മുതിര്‍ന്ന നേതാവ് കൂടിയായ കൃഷ്ണദാസിനെ തുറന്നു പറച്ചിലിനു പിന്നില്‍ പാലക്കാട്ടെ സിപിഎമ്മില്‍ ഗ്രൂപ്പിസത്തിനും പങ്കുണ്ടെന്ന വികാരമാണു സംസ്ഥാന നേതാക്കള്‍ക്ക്. വിരുദ്ധ ചേരിയില്‍ നില്‍ക്കുന്ന ജില്ലാ സെക്രട്ടറിക്ക് കാര്യങ്ങള്‍ പതിയെ മനസിയാക്കോളുമെന്നു കൃഷ്ണദാസ് പരസ്യമായി പറഞ്ഞതും ഈ ഗ്രൂപ്പിസത്തിന്റെ ഭാഗമാണന്നാണു പൊതുവികാരം.

അതേസമയം  ഹോട്ടല്‍ റെയ്ഡും പെട്ടിവിവാദങ്ങളും കൈകാര്യം ചെയ്തതില്‍ വീഴ്ചയണ്ടായെന്ന വികാരവും സംസ്ഥാനതലത്തിലെ നേതാക്കള്‍ക്കുണ്ട്. കൂടുതല്‍ അവധാനതയോടെ വിഷയം കൈകാര്യം ചെയ്തിരുന്നെങ്കില്‍ റെയ്ഡ് മുതലെടുക്കാന്‍ സാധിക്കുമായിരുന്നുവെന്നും  പലനേതാക്കള്‍ക്കും അഭിപ്രായമുണ്ട്. 

ENGLISH SUMMARY:

anger in CPM against NN Krishnadas