ആർജെഡി വിട്ട് മുസ്‍ലിം ലീഗില്‍ ചേർന്നതിന്‍റെ പേരില്‍ സിപിഎം പ്രവര്‍ത്തകര്‍ നിരന്തരമായി ആക്രമിക്കുകയാണന്ന് കോഴിക്കോട് ഫറോക്ക് നഗരസഭ കൗണ്‍സലർ ഷനൂബിയ നിയാസ്. ഇന്നലെ കൗണ്‍സില്‍ യോഗത്തിനെത്തിയ ഷനൂബിയെ സി.പി.എം കൗണ്‍സിലര്‍മാര്‍ ചെരുപ്പുമാലയണിയിക്കാന്‍ ശ്രമിച്ചിരുന്നു. രണ്ടാഴ്ച മുമ്പ് സി.പി.എം പ്രവര്‍ത്തകര്‍ തന്‍റെ വീട് ആക്രമിച്ചിട്ട് പൊലീസ് ഒരു നടപടിയുമെടുത്തില്ലെന്നും ഷനൂബിയ മനോരമ ന്യൂസിനോട് പറഞ്ഞു.
പാര്‍ട്ടി വിട്ടശേഷം ആദ്യമായി കൗണ്‍സില്‍ യോഗത്തിനുവന്ന ഷനൂബിയോട് സി.പി.എം കൗണ്‍സിലര്‍മാര്‍ കാണിച്ചുകൂട്ടിയ പരാക്രമമാണിത്. ഗോ ബാക്ക് വിളികളുമായെത്തിയ സി.പി.എം കൗണ്‍സിലര്‍മാര്‍ ഷനൂബിയെ ചെരുപ്പുമാലയണിയിക്കാന്‍ ശ്രമിച്ചു. യുഡിഎഫ് കൌണ്‍സിലർമാർ പ്രതിരോധം തീർത്തോടെ നഗരസഭയ്ക്കുള്ളില്‍ ചേരിതിരിഞ്ഞ് ബഹളമായി.
പാര്‍ട്ടി മാറിയതിന് തൊട്ടുപിന്നാലെയാണ് ഷനൂബിയയുടെ വീടിന്‍റെ ജനാലകള്‍ ഒരു സംഘം എറിഞ്ഞു തകര്‍ത്തത്. വികസന പ്രവർത്തനങ്ങള്‍ക്ക് മുന്നണിയുടെ പിന്തുണ ലഭിക്കാത്തതുകൊണ്ടാണ് പാർട്ടി മാറിയതെന്നാണ് ഷനൂബിയയുടെ വിശദീകരണം.മുസ്ലീംലീഗ് നേതൃത്വമായി കൂടി ആലോചിച്ച് നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും ഷനൂബിയ വ്യക്തമാക്കി.