prashanth-gopalakrishnan

സസ്പെന്‍ഷനിലാണെങ്കിലും എന്‍ പ്രശാന്ത് ഐഎഎസിനും ഗോപാലകൃഷ്ണന്‍ ഐഎഎസിനും പകുതി ശമ്പളം ലഭിക്കും.  സസ്പെന്‍ഷനിലും സര്‍ക്കാര്‍ ജീവനക്കാര്‍ക്കു വരുമാനം മുടങ്ങില്ല.  ഉപജീവന ബത്തയായി നിശ്ചിതതുക എല്ലാ മാസവും ലഭിക്കും. കഴിഞ്ഞ ദിവസം സസ്പെന്‍ഷനിലായ ഗോപാലകൃഷ്ണനും പ്രശാന്തിനും ഉപജീവനബത്ത അനുവദിച്ചുകൊണ്ടാണ് ചീഫ് സെക്രട്ടറി ഉത്തരവിറക്കിയത്.

50,200 രൂപയില്‍ കൂടുതല്‍ അടിസ്ഥാന ശമ്പളം വാങ്ങുന്നവര്‍ക്ക് അടിസ്ഥാന ശമ്പളത്തിന്റേയും ക്ഷാമബത്തയുടേയും പകുതി സസ്പെന്‍ഷന്‍ കാലയളവില്‍ ലഭിക്കും. 50,200 രൂപയില്‍ താഴെയാണ് ശമ്പളമെങ്കില്‍ അതിന്റെ പകുതിയും മുഴുവന്‍ ക്ഷാമബത്തയും കിട്ടും. മറ്റെല്ലാ അലവന്‍സുകളും കൈപ്പറ്റാം. ആറുമാസമാണ് സസ്പെന്‍ഷന്‍ കാലാവധി. അതിനുള്ളില്‍ നടപടിക്കു വിധേയനായ ഉദ്യോഗസ്ഥന്റെ വിശദീകരണം വാങ്ങി സര്‍ക്കാര്‍ ശിക്ഷ തീരുമാനിക്കണം. ആറു മാസത്തിനുള്ളില്‍ ഇതു ചെയ്തില്ലെങ്കില്‍ ജീവനക്കാരനു കോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് നേടിയെടുക്കാന്‍ എളുപ്പമാകും. കുറ്റം തെളിഞ്ഞില്ലെങ്കില്‍ നടപടിക്കു വിധേയനായ ആള്‍ക്ക് മുടങ്ങിയ എല്ലാ ആനുകൂല്യവും തിരികെ ലഭിക്കും. 

അതേസമയം ഗോപാലകൃഷ്ണനേയും പ്രശാന്തിനേയും സസ്പെന്‍ഡ് ചെയ്തപ്പോള്‍ നേരത്തേ സസ്പെന്‍ഷനിലായിരുന്ന ഒരു ഐഎഎസ് ഉദ്യോഗസ്ഥനെ സര്‍ക്കാര്‍ തിരികെയെടുത്തു.കോവിഡ് കാലത്ത് ലോക്ഡൗണ്‍ ക്വാറന്റീന്‍ ലംഘനത്തിനു സസ്പെന്‍ഷനിലായ അനുപം മിശ്രയെ പിന്നീട് തിരിച്ചെടുത്തെങ്കിലും അദ്ദേഹം അനധികൃത അവധിയില്‍ തുടര്‍ന്നതിനാല്‍ കഴിഞ്ഞ സെപ്റ്റംബര്‍ 13ന് വീണ്ടും സസ്പെന്‍ഡ് ചെയ്തിരുന്നു. മിശ്ര നല്‍കിയ അപേക്ഷയും സസ്പെന്‍ഷന്‍ പുനപരിശോധനാ കമ്മറ്റിയുടെ ശുപാര്‍ശയും കണക്കിലെടുത്താണ് തിരിച്ചെടുത്തത്. എവിടെ നിയമിക്കണമെന്ന് തീരുമാനിച്ചിട്ടില്ല. 

anupam-mishra

അനുപം മിശ്ര, ഫെയ്‌സ് ബുക്ക്

കൊല്ലം സബ്‌കലക്ടറായിരിക്കേയാണ് 2020 മാര്‍ച്ചില്‍ ഉത്തര്‍പ്രദേശുകാരനായ അനുപം മിശ്ര മധുവിധു ആഘോഷിക്കാന്‍ സിംഗപ്പൂര്‍, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളിലേക്കു പോയത്. വിദേശത്തു നിന്നു വന്നതിനാല്‍ ക്വാറന്റീനില്‍ പോകാന്‍ നിര്‍ദേശിച്ചു. എന്നാല്‍ അത് ലംഘിച്ച് ഔദ്യോഗിക വസതിയില്‍ നിന്നും സ്വദേശമായ കാന്‍പൂരിലേക്കു പോയി. തുടര്‍ന്ന് മിശ്രക്കെതിരെ കേസെടുക്കുകയും സസ്പെന്‍ഡ് ചെയ്യുകയുമായിരുന്നു. 

Although under suspension, N Prashanth IAS and Gopalakrishnan IAS will get half salary.:

Although under suspension, N Prashanth IAS and Gopalakrishnan IAS will get half salary. Even during the suspension, there will be no loss of income for government employees.