ആത്മകഥാവിവാദത്തില്‍ ഡി.സി. ബുക്സിന് വക്കീല്‍ നോട്ടിസ് അയച്ച് എല്‍.ഡി.എഫ് മുന്‍ കണ്‍വീനര്‍ ഇ.പി.ജയരാജന്‍. മാപ്പുപറയണമെന്ന് ആവശ്യപ്പെട്ടാണ് ഇ.പി.ജയരാജന്റെ നോട്ടിസ്. അറിയാത്ത കാര്യങ്ങളാണ് പുറത്തുവന്നതെന്നും എല്ലാ പോസ്റ്ററുകളും പിന്‍വലിക്കണമെന്നും വക്കീല്‍ നോട്ടീസില്‍ ഇ.പി. ചൂണ്ടിക്കാട്ടി.
ആത്മകഥ വിവാദം വ്യക്തമായ ഗൂഢാലോചനയെന്ന് ഇ.പി.ജയരാജന്‍ മാധ്യമങ്ങളോടു പറഞ്ഞു. ആത്മകഥ പ്രസിദ്ധീകരിക്കാന്‍ ആരെയും ഏല്‍പിച്ചിട്ടില്ല. ഒന്നില്‍കൂടുതല്‍ പ്രസാധകര്‍ സമീപിച്ചിട്ടുണ്ട്. ആര്‍ക്കെന്ന് തീരുമാനിച്ചിട്ടില്ല. ബുക്ക് പ്രസിദ്ധീകരിക്കാന്‍ ഡിസി ബുക്സിനെ ഏല്‍പിച്ചിട്ടില്ല. ഞാനറിയാതെ എന്‍റെ പുസ്തകം ഡിസി എങ്ങനെ പ്രസിദ്ധീകരിക്കും? . ഡിസിയുടേത് തെറ്റായ നടപടിയാണ്. ചെയ്തത് ക്രിമിനല്‍ കുറ്റം.
Read Also: ഡിസി ചെയ്തത് ക്രിമിനല്‍ കുറ്റം; വ്യക്തമായ ഗൂഢാലോചന: ഇ.പി ജയരാജന്‍
ആത്മകഥ എഴുതി പൂര്‍ത്തിയാക്കിയിട്ടില്ല. എഴുതിക്കൊണ്ടിരിക്കുന്ന ബുക്ക് എന്‍റെ അനുവാദമില്ലാതെ എങ്ങനെ പ്രസിദ്ധീകരിക്കും? എഴുതിയവ എഡിറ്റ് ചെയ്യാന്‍ വിശ്വസ്ഥനായ ഒരു പത്രപ്രവര്‍ത്തകനെ ഏല്‍പിച്ചു. പൂര്‍ണരൂപത്തില്‍ ആത്മകഥ വായിച്ചുനോക്കാതെ എങ്ങനെ പ്രസിദ്ധീകരിക്കും? ബുക്കിന് പേരോ, കവര്‍ പേജോ തീരുമാനിച്ചിട്ടില്ല.
എഴുതാത്ത കാര്യങ്ങള്‍ ആത്മകഥയുടെ േപരില്‍ പ്രചരിപ്പിക്കുകയാണ്. വ്യക്തിഹത്യയും അതിലൂടെ സിപിഎമ്മിനെ പ്രതികൂട്ടിലാക്കുകയുമാണ് ലക്ഷ്യം. പിന്നില്‍ പാര്‍ട്ടിക്കാരാണോ എന്ന് അന്വേഷണത്തിലൂടയേ തെളിയൂ. നിറയെ മാങ്ങയുള്ള മാവിലല്ലേ കല്ലെറിയൂവെന്ന് ഇ.പി. ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.
ഉപതിരഞ്ഞെടുപ്പ് ദിനം സി.പി.എമ്മിന് ആഘാതമായാണ് ഇ.പി.ജയരാജന്റെ ആത്മകഥാ ബോംബ് പൊട്ടിയത്. രണ്ടാം പിണറായി സര്‍ക്കാര്‍ ദുര്‍ബലമെന്നും പാലക്കാട്ടെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി.സരിന്‍ വയ്യാവേലിയായേക്കുമെന്നും തുറന്നെഴുതുന്ന ആത്മകഥയുടെ പേജുകള്‍ പുറത്തുവന്നു. വാര്‍ത്ത വിവാദമായതോടെ പുറത്തുവന്നത് തന്റെ ആത്മകഥയല്ലന്നും പ്രസിദ്ധീകരിക്കാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും പറഞ്ഞ ഇ.പി ജയരാജന്‍ അന്വേഷണം ആവശ്യപ്പെട്ട് പരാതി നല്‍കി. ഇതോടെ പ്രസിദ്ധീകരണം മാറ്റിയതായി ഡി.സി. ബുക്സ് അറിയിച്ചെങ്കിലും ഉള്ളടക്കം നിഷേധിച്ചില്ല.
ലോക്സഭാ തിരഞ്ഞെടുപ്പ് നാളില്‍ ഇ.പിയുടെ ബി.ജെ.പി ബന്ധമെങ്കില്‍ ഉപതിരഞ്ഞെടുപ്പ് ദിനം സി.പി.എമ്മിന് ഇടിത്തീയായത് ഇ.പിയുടെ ആത്മകഥ. പേര്–കട്ടന്‍ചായയും പരിപ്പുവടയും ഒരു കമ്യൂണിസ്റ്റിന്റെ ജീവിതം. ഇന്നലെ രാത്രി 9മണിയോടെയാണ് അപ്രീയസത്യങ്ങളുടെ തുറന്നുപറച്ചിലുകളുമായി ഇ.പി.ജയരാജന്റെ ആത്മകഥ വരുന്നുവെന്ന് അറിയിപ്പ് ഡി.സി ബുക്സ് പ്രസിദ്ധീകരിച്ചത്. .
അപ്രീയസത്യങ്ങളുടെ അമ്പുകളിലൊന്ന് സാക്ഷാല്‍ മുഖ്യമന്ത്രിക്ക് നേരേ–രണ്ടാം പിണറായി സര്‍ക്കാര്‍ ദുര്‍ബലമാണ്, നവകേരളസദസ് അടക്കം അനാവശ്യം–അടുത്ത അപ്രീയസത്യം പാലക്കാട്ടെ ഇടത് സ്ഥാനാര്‍ഥിയേക്കുറിച്ച്–യു.ഡി.എഫ് സ്ഥാനാര്‍ഥിയാക്കാതിരുന്നപ്പോളാണ് സരിന്റെ മറുകണ്ടംചാടല്‍. ഇത്തരം സ്വതന്ത്രരെ കൂടെ നിര്‍ത്തിയാല്‍ പി.വി.അന്‍വറിനെപ്പോലെ വയ്യാവേലിയാകും. വോട്ടര്‍മാര്‍ ബൂത്തിലെത്തും നേരം ആത്മകഥയുടെ 177 പേജുകള്‍ പ്രചരിച്ചതോടെ എന്ത് പറയണമെന്ന് അറിയാതെ സ്ഥാനാര്‍ഥികളും നേതാക്കളുമൊക്കെ കുഴങ്ങി. ഒടുവില്‍ എന്റെ ആത്മകഥ ഇങ്ങിനയല്ലെന്ന് പറഞ്ഞ് ഇ.പി തന്നെ രംഗത്ത്.
ഇ.പി ഇതുപറഞ്ഞ് ഒന്നര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഡി.സി ബുക്സിന്റെ പേജില്‍ അടുത്ത അറിയിപ്പ്. നിര്‍മിതിയിലെ സാങ്കേതിക പ്രശ്നം മൂലം പ്രസാധനം മാറ്റിവച്ചു. ഉള്ളടക്കത്തെക്കുറിച്ച് പുസ്തകം പ്രസിദ്ധീകരിക്കുമ്പോള്‍ വ്യക്തമാകും.അതായത് പ്രസിദ്ധീകരണം മാറ്റിയതല്ലാതെ പ്രചരിക്കുന്ന ഉള്ളടക്കം തെറ്റാണെന്ന് ഡി.സി ബുക്സ് പറഞ്ഞില്ല. കരാറില്ലെന്ന് ഇ.പി ആവര്‍ത്തിക്കുമ്പോളും അധികം വൈകാതെ പ്രസിദ്ധീകരിക്കുമെന്ന നിലപാടുമാണ് ഡി.സി ബുക്സിന്. എല്ലാം നിഷേധിച്ചുകൊണ്ടുള്ള പ്രതികരണം ഏശിയില്ലെന്ന് മനസിലായതോടെ ഡി.ജി.പിക്ക് പരാതി നല്‍കി തന്റെ ഭാഗം ശരിയെന്ന് വരുത്തലായി ഇ.പിയുടെ അടുത്തശ്രമം.
ആവര്‍ത്തിച്ച് വിശദീകരിക്കുമ്പോള്‍ എഴുതിതീര്‍ന്നിട്ടില്ലെന്ന് ഇ.പി പറയുന്ന ആത്മകഥ എങ്ങിനെ പുറംലോകത്ത് പ്രചരിച്ചു, ഇ.പിയുടെ അനുവാദമില്ലാതെ ആത്മകഥ പ്രസിദ്ധീകരിക്കുന്നതായി ആരെങ്കിലും പരസ്യം നല്‍കുമോ തുടങ്ങി ഒട്ടേറെ ചോദ്യങ്ങള്‍ അവശേഷിക്കുന്നു. ഇ.പിയുടെ ആരോപണങ്ങള്‍ക്ക് മറുപടി പറയാത്ത ഡി.സി ബുക്സ് ഉടന്‍ വരുന്നു ആത്മകഥ എന്ന പരസ്യം ഇതുവരെ പിന്‍വലിച്ചിട്ടുമില്ല.