പൊന്നാനിയിൽ വീട്ടമ്മയെ ബലാത്സംഗം ചെയ്തെന്ന പരാതിയിൽ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ എഫ്ഐആർ റജിസ്റ്റർ ചെയ്യാനുള്ള ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. മലപ്പുറം എസ്.പി. ആയിരുന്ന സുജിത്ദാസ് ഉൾപ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ FIR റജിസ്റ്റർ ചെയ്യാനുള്ള മജിസ്ട്രേറ്റ് കോടതി ഉത്തരവാണ് റദ്ദാക്കിയത്. വീട്ടമ്മയുടെ പരാതി വീണ്ടും പരിശോധിച്ച് പൊന്നാനി മജിസ്ട്രേറ്റ് കോടതിക്ക് ഉചിതമായ തീരുമാനമെടുക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.
കേസിലെ ആരോപണവിധേയനായ പൊന്നാനി മുൻ സി.ഐ വിനോദ് വലിയാറ്റൂർ നൽകിയ ഹർജിയിലാണ് ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് എസ്.മനു എന്നിവരുടെ ഉത്തരവ്. വീട്ടമ്മയെ ബലാത്സംഗം ചെയ്തെന്ന പരാതിയിൽ എഫ്ഐആർ റജിസ്റ്റർ ചെയ്യാനുള്ള പൊന്നാനി മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവാണ് ഹൈക്കോടതി റദ്ദാക്കിയത്. ഹൈക്കോടതി സിംഗിൾ ബെഞ്ച് നിർദേശത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ്. വീട്ടമ്മയുടെ പരാതി വീണ്ടും പരിശോധിച്ച് മജിസ്ട്രേറ്റ് കോടതിക്ക് ഉചിതമായ തീരുമാനമെടുക്കാമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
സ്വത്തുതർക്കവുമായി ബന്ധപ്പെട്ട് പരാതി നൽകാനെത്തിയ തന്നെ അന്ന് പൊന്നാനി സിഐ ആയിരുന്ന വിനോദ് ബലാത്സംഗം ചെയ്തുവെന്നായിരുന്നു വീട്ടമ്മയുടെ പരാതി. ഇക്കാര്യം പരാതിപ്പെടാൻ എത്തിയപ്പോൾ തിരൂർ ഡിവൈഎസ്പിയായിരുന്ന ബെന്നി, മലപ്പുറം എസ്പി ആയിരുന്ന സുജിത്ത് ദാസ് എന്നിവരും ലൈംഗികമായി ഉപദ്രവിച്ചുവെന്നും പരാതിയിലുണ്ട്. പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ മജിസ്ട്രേറ്റ് കോടതിയിൽ പരാതി നൽകിയിട്ടും കേസെടുത്ത് അന്വേഷിക്കുന്നില്ലെന്ന് ആരോപിച്ചാണ് വീട്ടമ്മ ഹൈക്കോടതി സിംഗിൾ ബെഞ്ചിനെ സമീപിച്ചത്. എന്നാൽ വീട്ടമ്മയുടെ പരാതിയിൽ പ്രാഥമികാന്വേഷണണം നടത്തിയെന്നും പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്ത് അന്വേഷിക്കാനുള്ളതൊന്നും കണ്ടെത്തിയില്ല എന്നും സർക്കാർ അറിയിച്ചു. സർക്കാർ വാദം തള്ളിയ സിംഗിൾ ബെഞ്ച് പരാതി പരിശോധിച്ച് നിയമപരമായ തീരുമാനമെടുക്കാൻ പൊന്നാനി മജിസ്ട്രേറ്റ് കോടതിക്ക് നിര്‍ദേശം നൽകുകയായിരുന്നു. ഇതിന്റെ നിയമസാധുത ചോദ്യം ചെയ്താണ് ഹർജിക്കാരൻ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്. മജിസ്ട്രേറ്റ് കോടതിയിൽ നിന്നും നേരിട്ട് റിപ്പോർട്ട് തേടിയ സിംഗിൾ ബെഞ്ച് നടപടി നിയമപരമായി ശരിയല്ലെന്ന് ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചിരുന്നു