ചേവായൂർ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് സംഘർഷത്തിൽ പൊലീസ് പക്ഷപാതിത്തപരമായി പെരുമാറി എന്നു ചൂണ്ടികാട്ടി കോഴിക്കോട് ജില്ലയിൽ കോൺഗ്രസ് നാളെ ഹർത്താൽ പ്രഖ്യാപിച്ചു. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ. അവശ്യ സർവീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
സിപിഎം ആസൂത്രണം ചെയ്താണ് വോട്ടെടുപ്പ് മുടക്കിയതെന്നും ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നും എം.കെ രാഘവൻ എം.പിയും ഡി.സി.സി പ്രസിഡന്‍റ് കെ.പ്രവീൺകുമാറും പറഞ്ഞു. കോൺഗ്രസ് വിമതരും ഔദ്യോഗിക പക്ഷവും തമ്മിൽ നേരിട്ട് ഏറ്റുമുട്ടിയ ബാങ്ക് തിരഞ്ഞെടുപ്പ് വൻ സംഘർഷത്തിലാണ് കലാശിച്ചത്. അടിപിടിയിൽ പത്തിലധികം പേർക്ക് പരുക്കേറ്റു. ഇടപെടാതെ പൊലീസ് കാഴ്ചക്കാരായി നിന്നത് സംഘർഷം മൂർച്ഛിക്കാൻ കാരണമായി.
പതിനൊന്ന് അംഗബാങ്ക് ഭരണസമിതിയിലേക്ക് ആണ് തിരഞ്ഞെടുപ്പ് നടന്നത്. സംഘർഷത്തിനിടെ 8500 പേർക്ക് മാത്രമേ വോട്ട് ചെയ്യാൻ ആയുള്ളൂ.