pulimutt-construction

TOPICS COVERED

സംസ്ഥാനത്തെ പുലിമുട്ട് നിര്‍മാണങ്ങളില്‍ കോടികളുടെ അഴിമതിയാരോപിച്ച് ഹാര്‍ബര്‍ എന്‍ജിനീയറിംഗ് ജീവനക്കാരന്‍ നല്‍കിയ പരാതിയില്‍ വിജിലന്‍സിന് മെല്ലെപ്പോക്ക്. തട്ടിപ്പ് നടന്നതിന്‍റെ തെളിവ് കണ്ടെത്താന്‍ ട്രിപ്സ് സോഫ്റ്റ്‌വെയറിന്‍റെ സെര്‍വര്‍ ഇതുവരെ വിജിലന്‍സ് പരിശോധിച്ചില്ല. ജീവനക്കാരന്‍റെ പരാതിയില്‍ ഒരു വര്‍ഷത്തോളം അടയിരുന്ന വിജിലന്‍സ്, കോടതി ഇടപെടലിനെ തുടര്‍ന്നാണ് പ്രാഥമിക അന്വേഷണം പോലും തുടങ്ങിയത്. 

 

2023 ജൂലൈ 1നാണ് പുലമിട്ട് നിര്‍മാണങ്ങള്‍ക്ക് ഇറക്കിയ കരിങ്കല്ലുകളില്‍ തൂക്കത്തട്ടിപ്പ് നടത്തി കോടികള്‍ തട്ടിയെടുക്കുന്നതായി ആരോപിച്ച് ഹാര്‍ബര്‍ എന്‍ജിനീയറിംഗ് വകുപ്പിലെ ഉദ്യോഗസ്ഥന്‍ വിജിലന്‍സിന് പരാതി നല്‍കിയത്. ഒരു വര്‍ഷത്തോളം പരാതിയില്‍ സ്വീകരിച്ച നടപടികള്‍ വിജിലന്‍സ് മറച്ചുവച്ചു.  ഇതേതുടര്‍ന്ന് കഴിഞ്ഞ ജൂലൈ ഏഴിന് പരാതിക്കാരന്‍ തിരുവനന്തപുരം വിജിലന്‍സ് കോടതിയെ സമീപിച്ചു. 

കോടതി അന്വേഷണത്തിന്‍റെ തല്‍സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉത്തരവിട്ടു. ഇതോടെയാണ് 'ട്രിപ്സ്' സോഫ്റ്റ്‌വെയറില്‍ ഭാരം തിരുത്തി എഴുതാനുള്ള ഓപ്ഷന്‍ നിയമവിരുദ്ധമായി ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും സോഫ്റ്റ്‌വെയര്‍ പര്‍ച്ചേസ് ചെയ്തതുതന്നെ ടെന്‍ഡര്‍ വിളിക്കാതെ എല്ലാ ചട്ടങ്ങളും ലംഘിച്ചാണെന്നും കണ്ടെത്തിയതായി വിജിലന്‍സിന് സമ്മതിക്കേണ്ടിവന്നത്. 

എന്നാല്‍ സോഫ്റ്റ്‌വെയറിലെ എഡിറ്റ് ഓപ്ഷന്‍ ഉപയോഗിച്ച് ഭാരത്തില്‍ തിരുത്തല്‍ വരുത്തിയോ എന്ന് കണ്ടെത്താന്‍ വിജിലന്‍സ് ഇതുവരെ ശ്രമച്ചിട്ടില്ല. അതിന് സോഫ്റ്റ്‌വെയര്‍ ഹോസ്റ്റ് ചെയ്തിരിക്കുന്ന സെര്‍വര്‍ പരിശോധിക്കണം. ക്ലൗഡ് ഫെയര്‍ സെര്‍വറിലാണ് സോഫ്റ്റ്‌വെയര്‍ ഹോസ്റ്റ് ചെയ്തിരിക്കുന്നത്. 

അതിന്‍റെ ലോഗിന്‍ ഐ.ഡിയും പാസ്‌വേഡും സോഫ്റ്റ്‌വെയര്‍ വികസിപ്പിച്ച സ്റ്റാര്‍ട്ടപ്പ് കൈമ്പനിയുടെ കൈവശമാണുള്ളത്. ഇത് വാങ്ങി പരിശോധിച്ചാല്‍, കരിങ്കല്ലുകളുടെ ഭാരത്തില്‍ തിരുത്തല്‍ വരുത്തിയോ, വരുത്തിയെങ്കില്‍ എത്രയളവില്‍, എതൊക്കെ പദ്ധതികളിലാണ് തിരുത്തല്‍ നടന്നത്, അതിലെ കരാറുകാര്‍ ആരാണ്. ഏതൊക്കെ ഉദ്യോഗസ്ഥരുടെ ലോഗിന്‍ ഐ.ഡിയില്‍ നിന്നാണ് തിരുത്തല്‍ നടന്നത്, തിരുത്തല്‍ വരുത്തിയ കംപ്യൂട്ടറിന്‍റെ ഐ.പി അഡ്രസ് ഏതാണ് തുടങ്ങിയ വിവരങ്ങളെല്ലാം ലഭ്യമാകും. 

ഈ തെളിവുകളില്ലെങ്കില്‍ ചീഫ് എഞ്ചിനീയറുള്‍പ്പെടേ ആരോപണം നേരിടുന്ന ഉദ്യോഗസ്ഥരും, കരാറുകാരും നിയമത്തില്‍ നിന്ന് രക്ഷപ്പെടും. സെര്‍വര്‍ പരിശോധിക്കാന്‍ മടിക്കുന്നതിന് പിന്നിലെ വിജിലന്‍സിന്‍റെ താല്‍പര്യം അതാണോയെന്ന ചോദ്യമാണ് ഉയരുന്നത്. 

സവാദ് മുഹമ്മദ്

ENGLISH SUMMARY:

Corruption alleged in pulimuttu construction, compliant awaits vigilance action.