ഹാജർ വിവാദത്തിൽ എസ്എഫ്ഐ നേതാവ് പി എം ആർഷോയെ സംരക്ഷിച്ച് മഹാരാജാസ് കോളേജ് പ്രിൻസിപ്പൽ. ഹാജർ ഇല്ലാത്തതിനാൽ ആർഷോയെ കോളേജിൽനിന്ന് പുറത്താക്കുമെന്ന് നോട്ടീസ് അയച്ച പ്രിൻസിപ്പൽ തന്നെ മതിയായ ഹാജരുണ്ടെന്ന് എം ജി യൂണിവേഴ്സിറ്റിക്ക് റിപ്പോർട്ട് നൽകി. അഞ്ചും ആറും സെമസ്റ്ററുകളിൽ ആർഷോയ്ക്ക് ഉള്ളത് 10% മാത്രം ഹാജറാണെന്ന രേഖകളും പുറത്തുവന്നു.
ആർജിക്കിയോളജി പിജി ഇൻറഗ്രേറ്റഡ് കോഴ്സിലെ ഏഴാം സെമസ്റ്റർ വിദ്യാർഥി പി.എം. ആർഷോ ദീർഘ നാളായി കോളേജിൽ ഹാജരാകാത്തതിനാൽ കോളേജിൽ നിന്നും പുറത്താക്കും എന്ന് അറിയിച്ച് ആർഷോയുടെ പിതാവിന് പ്രിൻസിപ്പൽ നോട്ടീസ് അയച്ചിരുന്നു. ഇതിന് പിന്നാലെ, ആർഷോയുടെ ഹാജർ നിലയും പരീക്ഷ എഴുതാനുള്ള യോഗ്യതയും വിവാദമായി. ആർഷോയെ കോളേജിൽ നിന്ന് പുറത്താക്കും എന്ന് നോട്ടീസ് അയച്ച അതേ പ്രിൻസിപ്പൽ എംജി യൂണിവേഴ്സിറ്റി രജിസ്ട്രാർക്ക് അയച്ച റിപ്പോർട്ടിൽ മറുകണ്ടം ചാടി
ഇതിനിടെ അഞ്ചും ആറും സെമസ്റ്ററിലെ ആർഷോയുടെ ഹാജർ നിലയും പുറത്തുവന്നു. യൂണിവേഴ്സിറ്റി റെഗുലേഷൻ പ്രകാരം ഓരോ സെമസ്റ്ററിലും 75% ഹാജർ വേണമെന്നിരിക്കെ അഞ്ചും ആറും സെമെസ്റ്ററിൽ ആർഷയ്ക്കുള്ളത് 10% മാത്രം ഹാജർ. പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാനുള്ള മിനിമം ഹാജർ ആർഷോയ്ക്കില്ലെന്ന കാര്യം പ്രിൻസിപ്പൽ മറച്ചുവെച്ചു എന്നും ആരോപണമുണ്ട്. വ്യാജ ഹാജർ റിപ്പോർട്ട് നൽകിയ പ്രിൻസിപ്പലിനെതിരെ നടപടിയെ എടുക്കണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാംപയിന്‍ കമ്മിറ്റി ഗവർണർക്കും, എംജി യൂണിവേഴ്സിറ്റി ക്കും നിവേദനം നൽകി.