മണ്ഡലപൂജ തുടങ്ങി രണ്ടാംദിനവും ശബരിമല സന്നിധാനത്തേക്ക് തീര്‍ഥാടക പ്രവാഹം. നവംബര്‍ മാസത്തെ ബുക്കിങ് സ്ലോട്ടുകളെല്ലാം നിറഞ്ഞു കഴിഞ്ഞു. ഇതുവരെ ഒന്നേകാല്‍ ലക്ഷത്തിലധികം തീര്‍ഥാടകര്‍ ദര്‍ശനം നടത്തിക്കഴിഞ്ഞു.
കഴിഞ്ഞ മണ്ഡലകാലങ്ങളില്‍ വൃശ്ചികം പന്ത്രണ്ടിന് ശേഷമാണ് സന്നിധാനത്ത് തിരക്കേറിയിരുന്നതെങ്കില്‍ ഇക്കുറി അതെല്ലാം മാറി. ബുക്കിങ് കൂടുതല്‍ കടുപ്പിച്ചതോടെ ആദ്യം ദിവസം മുതല്‍ 70,000 സ്ലോട്ടും നിറഞ്ഞു. ഇന്നലെ എഴുപതിനായിരം പേര്‍ ബുക്ക് ചെയ്തതില്‍ 66,795 പേര്‍ ദര്‍ശനത്തിനെത്തി. പതിനായിരം സ്പോട്ട് ബുക്കിങ് ഉണ്ടെങ്കിലും ഇന്നലെ 3,117 പേരെ എത്തിയുള്ളു. പുല്ലുമേട്, കരിമല വഴിയും തീര്‍ഥാടകര്‍ എത്തിത്തുടങ്ങി. കൂടുതല്‍ തീര്‍ഥാടകര്‍ എത്തുന്നെങ്കിലും ദര്‍ശനം സുഖകരമെന്ന് തീര്‍ഥാടകര്‍.
തീര്‍ഥാടകര്‍ പതിനെട്ടാം പടി ചവിട്ടുന്നത് വേഗത്തിലാക്കിയാണ് ക്രമീകരണങ്ങള്‍ മുന്നോട്ട് പോകുന്നത്. പതിനെട്ടു പടിയിലും തീര്‍ഥാടകര്‍ തൊട്ടു തൊഴുതു കയറാന്‍ തുനിഞ്ഞാല്‍ പടികയറ്റം സാവധാനത്തിലാകും. തൊഴുതു കഴിഞ്ഞവര്‍ വീണ്ടും വീണ്ടും വരുന്നതും ദര്‍ശനം വൈകാന്‍ കാരണമാകും. തീര്‍ഥാടകര്‍ കൂടി സഹകരിക്കണമെന്നാണ് ദേവസ്വം ബോര്‍ഡിന്‍റെ അഭ്യര്‍ഥന.