പത്തനംതിട്ട ചുട്ടിപ്പാറയിൽ ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണു മരിച്ച നഴ്സിങ് വിദ്യാർഥിനി അമ്മു സജീവും സുഹൃത്തുക്കളുമായി മുൻപ് പ്രശ്നങ്ങൾ നിലനിന്നിരുന്നതായി സമ്മതിച്ച് പ്രിൻസിപ്പലും ക്ലാസ് ടീച്ചറും. വിദ്യാർഥികളിൽ ഒരാളുടെ ലോഗ് ബുക്ക് കാണാതെ പോയതുമായി ബന്ധപ്പെട്ടായിരുന്നു പ്രശ്നങ്ങൾ. എന്നാൽ ആത്മഹത്യ ചെയ്യാൻ തരത്തിലുള്ളതൊന്നും ഉണ്ടായിരുന്നില്ല എന്നും ക്ലാസ് ടീച്ചർ സമിത ഖാൻ പറഞ്ഞു. പൊലീസ് പ്രിൻസിപ്പലിന്‍റെയും അധ്യാപകരുടെയും മൊഴി രേഖപ്പെടുത്തി. അതേസമയം സംഭവത്തിൽ ദുരൂഹത ആരോപിച്ച് എബിവിപി പ്രവർത്തകർ പ്രിൻസിപ്പലിനെ ഉപരോധിച്ചു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് നഴ്സിംഗ് വിദ്യാർഥിനി അമ്മു സജീവ് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണു മരിച്ചത്. കോളജിൽ നിന്ന് തിരികെയെത്തിയ ഉടനെ വീണു മരിച്ചതിന് പിന്നിൽ കോളജിൽ നിലനിന്നിരുന്ന പ്രശ്നങ്ങളാണെന്നായിരുന്നു പ്രാഥമിക നിഗമനം. കാണാതെ പോയ ലോഗ് ബുക്കിനെ ചൊല്ലി അമ്മു സജീവും സുഹൃത്തുക്കളുമായി പ്രശ്നങ്ങൾ നിലനിന്നിരുന്നതായും എന്നാലത് അറിഞ്ഞപ്പോൾ തന്നെ പരിഹരിച്ചിരുന്നെന്നും ക്ലാസ് ടീച്ചർ പറഞ്ഞു. വെള്ളിയാഴ്ചയും പ്രശ്നങ്ങളൊന്നും ഇല്ലാതെയാണ് ക്ലാസ് പിരിഞ്ഞതെന്നും പിന്നീടെന്താണ് സംഭവിച്ചത് എന്ന് അറിയില്ലെന്നും ക്ലാസ് ടീച്ചർ സമിത ഖാൻ.
നാലുപേരും അടുത്ത സുഹൃത്തുക്കളായിരുന്നെന്നും അമ്മു സജീവിന്‍റെ പിതാവിന്‍റെ പരാതി ലഭിച്ചതിന് പിന്നാലെ തന്നെ നടപടി എടുത്തിരുന്നതായും കോളജ് പ്രിൻസിപ്പൽ അബ്ദുൾ സലാം. അതേസമയം അമ്മുവിൻറെ മരണത്തിൽ ദുരൂഹത ആരോപിച്ച് എബിവിപി പ്രവർത്തകർ കോളജിലേക്ക് മാർച്ച് നടത്തി. പത്തനംതിട്ട പൊലീസ് കോളേജിലെത്തി അധ്യാപകരുടെയും വിദ്യാർഥികളുടെയും മൊഴിയെടുത്തു. മരണം ആത്മഹത്യ തന്നെയാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ആത്മഹത്യക്ക് പിന്നിലെ കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥർ.