വടക്കന്‍ പറവൂരിലെ ജാതി അധിക്ഷേപത്തില്‍ പൊലീസ് കേസെടുക്കാന്‍ വൈകിയെന്ന് ആരോപണം. പരാതി നല്‍കി ഒരു ദിവസം കഴിഞ്ഞാണ് പൊലീസ് നടപടികള്‍ ആരംഭിച്ചതെന്ന് അധിക്ഷേപം നേരിട്ട ക്ഷേത്ര പൂജാരി വിഷ്ണു മനോരമ ന്യൂസിനോട് പറഞ്ഞു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ ക്ഷേത്രത്തില്‍ ശാന്തി ജോലി ചെയ്ത പട്ടിക ജാതി വിഭാഗത്തില്‍പ്പെട്ട യുവാവിനുനേരെയാണ് ജാതി അധിക്ഷേപം നടത്തിയത്.
കീഴ്ജാതിക്കാരന്‍ പൂജ ചെയ്താല്‍ വഴിപാട് നടത്തില്ലെന്ന് ക്ഷേത്രത്തിലെത്തിയ സമീപവാസിയായ വ്യക്തി നിര്‍ബന്ധം പിടിച്ചു. വടക്കന്‍ പറവൂര്‍ തത്തപ്പിള്ളി ശ്രീ ദുര്‍ഗാദേവി ക്ഷേത്രത്തിലെ താല്‍ക്കാലിക ശാന്തിക്കാരനായ ആലങ്ങാട് കൊടുവഴങ്ങ പി.ആര്‍ വിഷ്ണുവിനാണ് ജാതി അധിക്ഷേപം നേരിടേണ്ടിവന്നത്. കേരളത്തിലെ 108 ദുര്‍ഗാലയങ്ങളില്‍ ഒന്നാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ തത്തപ്പിള്ളി ശ്രീ ദുര്‍ഗാദേവി ക്ഷേത്രം. വഴിപാട് കഴിക്കാനെത്തിയ സമീപവാസി കൂടിയായ ജയേഷ് എന്ന വ്യക്തി ഭക്തരുടെ മുന്നില്‍വച്ച് വിഷ്ണുവിന്‍റെ ജാതി ചോദിച്ചു. വിഷ്ണു തന്‍റെ ജാതി പറഞ്ഞതോടെ തനിക്ക് പ്രസാദം വേണ്ടെന്ന് പറഞ്ഞ് ജയേഷ് വിഷ്ണുവിനെ അപമാനിച്ചു.
മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മിഷനും പൊലീസിനും വിഷ്ണു പരാതി നല്‍കി. ജയേഷിനെതിരെ പട്ടികജാതി, പട്ടിക വര്‍ഗ പീഡന നിരോധന നിയമപ്രകാരം ജ്യാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ് കേസെടുത്തു.