കൊല്ലം കരുനാഗപ്പള്ളി ആലപ്പാട് നിന്നും ഇരുപതു വയസ്സുകാരിയെ കാണാതായതായി പരാതി. കുഴിത്തുറ മരിയ്ക്കാശ്ശേരി വീട്ടില്‍ ഐശ്വര്യ അനിലിനെയാണ് കാണാതായത്. നവംബര്‍ 18, തിങ്കളാഴ്ച രാവിലെ പതിനൊന്ന് മണി മുതല്‍ ഐശ്വര്യ കാണാതായി എന്നാണ് പൊലീസില്‍ വീട്ടുകാര്‍ നല്‍കിയിരിക്കുന്ന പരാതി.
കാണാതായ സമയം മുതൽ ഐശ്വര്യയുടെ ഫോൺ സ്വിച്ച് ഓഫ് ആണ്. പൊലീസില്‍ പരാതി നല്‍കിയിട്ടും വിവരമൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് കുടുംബം പറയുന്നു. വീട്ടിലിരുന്ന് ഓണ്‍ലൈനായി എന്‍ട്രന്‍സ് പരിശീലനം നടത്തിവരികായിയരുന്നു ഐശ്വര്യ. കൂടുതല്‍ സമയവും വീട്ടില്‍ ചെലവിട്ടിരുന്ന ഐശ്വര്യയ്ക്ക് അധികം സുഹൃത്തുക്കള്‍ ഇല്ലായിരുന്നെന്ന് വീട്ടുകാര്‍ പറഞ്ഞു.
കുട്ടി ട്രെയിന്‍ കയറി പോയതായ ചില വിവരങ്ങളുണ്ട്. എന്നാല്‍ ഏതുഭാഗത്തേക്ക് പോയി എന്നതിനെക്കുറിച്ച് കേസന്വേഷിക്കുന്ന കരുനാഗപ്പള്ളി പൊലീസ് വ്യക്തത നല്‍കിയിട്ടില്ലെന്നും വീട്ടുകാര്‍ പറഞ്ഞു. ഐശ്വര്യയുടെ ലാപ്ടോപും മൊബൈല്‍ ഫോണും കേന്ദ്രീകരിച്ച് അന്വേഷിച്ചു വരികയാണ്. സമൂഹമാധ്യമ അക്കൗണ്ടുകള്‍ പരിശോധിക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു.
കുട്ടിയെ കാണാനില്ലെന്ന് കാട്ടി ഷീജ പദ്മ എന്ന സമൂഹമാധ്യമ അക്കൗണ്ടില്‍ നിന്നുള്ള വിവരങ്ങളും ചിത്രങ്ങളും സമൂഹമാധ്യമത്തില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
‘എന്‍റെ മാളൂട്ടിയാണ്. മാക്സിമം ഷെയർ ചെയ്യണം. എന്‍റെ പൊന്നിനെ കണ്ടെത്താൻ സഹായിക്കണം. മോൾ 168 സെൻ്റിമീറ്റർ ഉയരം കാഴ്ചയിൽ മെലിഞ്ഞ് ഇരുനിറത്തിൽ. ഹെയർ പറ്റെ കട്ട് ചെയ്തിട്ടുണ്ട്. കാണാതാവുമ്പോൾ വെള്ള ടീ ഷർട്ടും കറുത്ത പാൻ്റ്സും കറുപ്പ് ഷൂവും അണിഞ്ഞിരുന്നു. മുക്കുത്തി, മൊട്ടു കമ്മൽ ഇവ ആഭരണമായി ഉണ്ടായിരുന്നു. ബ്ലാക്ക് ഹെഡ് ക്യാപ്പ് ധരിച്ചിട്ടുണ്ടായിരുന്നു’ എന്നാണ് കുറിപ്പിലുള്ളത്.
കുട്ടി ജീവനോടെയുണ്ടെന്നൊരറിവെങ്കിലും എനിക്ക് തരാമോ? എന്ന മറ്റൊരു കുറിപ്പും ഇതുവരെ ഐശ്വര്യക്കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ല എന്ന വിവരവും ഇവര്‍ ഫേസ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്.