പ്രചാരണത്തിലുടനീളം വിവാദങ്ങൾ നിറഞ്ഞ് ആരോപണ പ്രത്യാരോപണങ്ങളാൽ അടിമുടി ചർച്ചയായ പാലക്കാട് പോളിങ് മന്ദഗതിയില്‍. പോളിങ് ബൂത്തുകളില്‍ തിരക്കില്ല. രണ്ടുമണിവരെ 42.20 ശതമാനം മാത്രമാണ് പോളിങ്. 2021ല്‍ രണ്ടുമണിവരെ 49.65 ആയിരുന്നു പോളിങ് ശതമാനം. തികഞ്ഞ വിജയ പ്രതീക്ഷയിലാണ് സ്ഥാനാര്‍ഥികള്‍.
തിരഞ്ഞെടുപ്പ് കഴിഞ്ഞാലെങ്കിലും രാഹുല്‍ മാങ്കൂട്ടത്തിലിന് സ്ഥിരബുദ്ധിയുണ്ടാകട്ടെയെന്ന് ഇടതുസ്ഥാനാര്‍ഥി പി. സരിന്‍. ഇതെല്ലാം ജനങ്ങള്‍ കേള്‍ക്കുന്നുണ്ടെന്ന് ഓര്‍ക്കണമെന്ന് രാഹുലിന്‍റെ മറുപടി. പാലക്കാടിന്‍റെ വോട്ടര്‍മാര്‍ക്ക് മതേതരമനസ്സെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ പറഞ്ഞു. അത് വോട്ടില്‍ പ്രതിഫലിക്കും, നല്ല ഭൂരിപക്ഷം പ്രതീക്ഷിക്കുന്നെന്നും രാഹുല്‍ പറഞ്ഞു.
പാലക്കാട്ടെ ജനങ്ങള്‍ തനിക്കൊപ്പമെന്ന് എൽഡിഎഫ് സ്ഥാനാര്‍ഥി പി.സരിന്‍റെ ആത്മവിശ്വാസം. ജനങ്ങളെ വെല്ലുവിളിക്കുന്നവരെ ജനം തിരിച്ചറിയും. ജനങ്ങളുടെ തീരുമാനം അട്ടിമറിക്കാനാകില്ലെന്നും അവർ വികസനം പരിഗണിച്ച് വോട്ട് ചെയ്യുമെന്നും സരിൻ പറഞ്ഞു.
പാലക്കാട്ടുകാര്‍ ഇത്തവണ വികസനത്തിന് വോട്ടുചെയ്യുമെന്ന് ബിജെപി സ്ഥാനാര്‍ഥി സി.കൃഷ്ണകുമാര്‍ പറഞ്ഞു. വിവാദങ്ങള്‍ ബിജെപിയെ ബാധിക്കില്ല. അഞ്ചക്കം കടന്നുള്ള ഭൂരിപക്ഷം ലഭിക്കുമെന്നും കൃഷ്ണകുമാര്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
രാഹുല്‍ മാങ്കൂട്ടത്തില്‍ നല്ല ഭൂരിപക്ഷത്തില്‍ ജയിക്കുമെന്ന് ഷാഫി പറമ്പില്‍. പത്രപരസ്യം ഉള്‍പ്പെടെ സി.പി.എമ്മിന് ബൂമറാങ് ആകും. വരും ദിവസങ്ങളിലും സന്ദീപ് വാരിയര്‍ മത സാമുദായിക നേതാക്കളെ കാണുമെന്നും ഇത് തിരഞ്ഞെടുപ്പ് ലക്ഷ്യംവച്ചുള്ള നടപടിയല്ലെന്നും ഷാഫി പറഞ്ഞു. മണപ്പുള്ളിക്കാവ് എല്‍പി സ്കൂളിലായിരുന്നു ഷാഫിയുടെ വോട്ട്.
പാണക്കാട് തങ്ങളെ വിമര്‍ശിക്കരുതെന്ന് പള്ളിയില്‍ പോയി പറഞ്ഞാല്‍മതിയെന്ന് സിപിഎം സംസ്ഥാനകമ്മിറ്റി അംഗം എന്‍.എന്‍ കൃഷ്ണദാസ്. സിപിഎമ്മിന് സന്ദീപ് വാരിയര്‍ വലിയ സംഭവമല്ല. മൂന്നാം എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ ആദ്യചുവടാകും ഈ തിരഞ്ഞെടുപ്പെന്നും കൃഷ്ണദാസ് പറഞ്ഞു. കല്‍പ്പാത്തി അയ്യപുരം സ്കൂളില്‍ വോട്ടു രേഖപ്പെടുത്തിയശേഷമായിരുന്നു പ്രതികരണം.
ഷാഫി പറമ്പിൽ വടകര എം.പിയായതിനെത്തുടർന്ന് പാലക്കാട്ട് നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ മൂന്ന് മുന്നണികളുടേതടക്കം 10 സ്ഥാനാര്‍ഥികളാണ് മല്‍സര രംഗത്തുള്ളത്. 184 ബൂത്തുകളിലായി ഒരു ലക്ഷത്തി തൊണ്ണൂറ്റി നാലായിത്തി എഴുന്നൂറ്റി ആറ് വോട്ടർമാരാണ് സമ്മതിദാനം രേഖപ്പെടുത്തേണ്ടത്. പ്രചാരണത്തിൽ കണ്ട ആവേശം വോട്ടാക്കി മാറ്റിയാൽ 2021 ലെ 73.71 എന്ന പോളിങ് ശതമാനം മറികടക്കാനാവും. ത്രികോണ മൽസര പ്രതീതിയിൽ മൂന്ന് മുന്നണികൾക്കും ഒരുപോലെ സാധ്യത കൽപിക്കുന്ന മണ്ഡലം കൂടിയാണ് പാലക്കാട്.