പാലക്കാട്ടെ വോട്ടെടുപ്പിനിടെ സമസ്താ അധ്യക്ഷൻ ജിഫ്രി മുത്തുകോയ തങ്ങളെ വീട്ടിലെത്തി കണ്ട് സന്ദീപ് വാര്യർ. സമസ്ത മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന പ്രസ്ഥാനമെന്ന് ജിഫ്രി മുത്തുക്കോയ തങ്ങളും സമസ്ത ഉയർത്തിപ്പിടിക്കുന്ന സന്ദേശം പൂർണമായി ഉൾക്കൊള്ളുന്നു വെന്ന് സന്ദീപ് വാര്യറും വ്യക്തമാക്കി. പരസ്യം ആര് നൽകിയാലും സ്വീകരിക്കുമെന്നായിരുന്നു എൽഡിഎഫിന്റെ വിവാദ പത്ര പരസ്യത്തെക്കുറിച്ചുള്ള ജിഫ്രി തങ്ങളുടെ പ്രതികരണം. ഇന്ത്യന്‍ ഭരണഘടനയുടെ കൈയെഴുത്ത് പ്രതി സന്ദീപ് കൈമാറി. മതേതര വോട്ടുകള്‍ ഭിന്നിപ്പിക്കാന്‍ സിപിഎം ശ്രമിച്ചെന്ന് സന്ദീപ് വാര്യര്‍ പറഞ്ഞു.
കിഴിശ്ശേരിയിലെ വീട്ടിലെത്തിയാണ് സന്ദീപ് വാര്യർ സമസ്ത അധ്യക്ഷനെ കണ്ടത്. ഭരണഘടനയുടെ ആദ്യ കയ്യെഴുത്ത് പ്രതിയുടെ കോപ്പി സന്ദീപ് ജിഫ്രി തങ്ങൾക്ക് സമ്മാനിച്ചു.
സമസ്ത ഇ കെ സുന്നി വിഭാഗത്തിന്റെ മുഖപത്രമായ സുപ്രഭാതത്തിൽ പാലക്കാട് എൽഡിഎഫ് സ്ഥാനാർഥിയുടെ പരസ്യം വന്നതിനെക്കുറിച്ച് ജിഫ്രി തങ്ങള്‍ പറഞ്ഞത് പത്രത്തിലേക്ക് ആര് പരസ്യം നല്‍കിയാലും സ്വീകരിക്കുമെന്നാണ്.
സിപിഎമ്മിന് ഉള്ള ഓരോ വോട്ടും ബിജെപിക്കുള്ള വോട്ടാണെന്ന് കൂടിക്കാഴ്ചയ്ക്കുശേഷം സന്ദീപ് വാര്യർ. വരും ദിവസങ്ങളിലും സന്ദീപ് വാരിയര്‍ മത സാമുദായിക നേതാക്കളെ കാണുമെന്നും ഇത് തിരഞ്ഞെടുപ്പ് ലക്ഷ്യംവച്ചുള്ള നടപടിയല്ലെന്നും ഷാഫി പറഞ്ഞു.
സിപിഎമ്മിന് സന്ദീപ് വാരിയര്‍ വലിയ സംഭവമല്ല. മൂന്നാം എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ ആദ്യചുവടാകും ഈ തിരഞ്ഞെടുപ്പെന്നും കൃഷ്ണദാസ് പറഞ്ഞു.