കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പേരാമ്പ്ര സ്വദേശിയായ യുവതിയുടെ മരണത്തില്‍ ചികിത്സാപ്പിഴവ് സംഭവിച്ചിട്ടില്ലെന്ന് സൂപ്രണ്ട്. കൃത്യമായ ചികിത്സ നല്‍കിയെന്ന് ചൂണ്ടികാട്ടി ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് സൂപ്രണ്ട് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കാലിന് വേദനയും നാവിന് തരിപ്പുമായി ചികിത്സ തേടിയെത്തിയ പേരാമ്പ്ര സ്വദേശിനി രജനിയെ മാനസിക രോഗത്തിന് ചികിത്സിച്ചു എന്നായിരുന്നു കുടുംബത്തിന്‍റെ ആരോപണം. 

ഗുരുതര രോഗമായ ഗിലൈന്‍ ബാരി സിന്‍ഡ്രം എന്ന രോഗമാണ് രജനിക്ക് പിടിപ്പെട്ടതെന്ന് കണ്ടെത്താന്‍ ഏറെ വൈകി. ഇതാണ് മരണത്തിലേക്ക് നയിച്ചതെന്നും ബന്ധുക്കള്‍ പറഞ്ഞിരുന്നു. ഈ ആരോപണങ്ങളെ പാടെ തള്ളിയാണ് ആശുപത്രി സൂപ്രണ്ട് ഡിഎംഇയ്ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. 

ആദ്യ ഘട്ടത്തില്‍ രോഗത്തിന്‍റെ കൃത്യമായ ലക്ഷണങ്ങള്‍ കാണിച്ചിരുന്നില്ല. രോഗം നി‌‍ര്‍ണയിച്ച ശേഷം കൃത്യമായ ചികിത്സ നല്‍കിയെന്നും  ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നല്‍കിയ റിപ്പോ‍ര്‍ട്ടില്‍  ‌‌‌വ്യക്തമാക്കുന്നു. സൂപ്രണ്ട് നിയോഗിച്ച മൂന്നംഗ സമിതിയാണ് റിപ്പോ‍ര്‍ട്ട് തയ്യാറാക്കിയത്. റിപ്പോ‍ര്‍ട്ട് കൃത്യമായി പരിശോധിച്ച ശേഷമാകും തുട‍ര്‍ നടപടികള്‍.  ഈ മാസം നാലിനാണ് ചികിത്സതേടി രജനി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തുന്നത്. ഇന്നലെ പുല‍ര്‍ച്ചയോടെ മരണം സ്ഥിരീകരിച്ചു. 

ENGLISH SUMMARY:

Perabra native women's death; Kozhikode medical college superintendent denies medical negligence.