തൃശൂർ പൂമല പറമ്പായിയിൽ ജപ്തി നടപടിയുമായി വന്ന കേരള ബാങ്ക് ഉദ്യോഗസ്ഥർ പ്രതിഷേധത്തെ തുടർന്ന് മടങ്ങിപ്പോയി. മരിച്ചു പോയ തെക്കുംകര ജോയ് 10 വർഷം മുമ്പ് എടുത്ത വായ്‌പയ്ക്കു മേലാണ് നടപടി. അസുഖ ബാധിതയായ 67 കാരി അമ്മയും 2 മക്കളുമാണ് വീട്ടിലുളളത്.
ഇന്ന് രാവിലെയാണ് ജപ്തി നടപടിയുമായി ബാങ്ക് അധികൃതർ വീട്ടിലെത്തിയത്. ജോയിയുടെ ഭാര്യ അന്നാമയും മക്കളായ നിമിഷ നിമൽ എന്നിവരാണ് വീട്ടിലുള്ളത്. 10 വർഷം മുൻപ് പിതാവെടുത്ത വായിപ്പമേലാണ് ബാങ്കിന്റെ നടപടി. ഇതേ ബാങ്കിലെ ജീവനക്കാരനായിരുന്നു ജോയി. പലിശ അടക്കം 35 ലക്ഷം രൂപയാണ് നിലവിൽ തിരിച്ചടയ്ക്കേണ്ടത്. ഇപ്പോഴത്തെ സാഹചര്യത്തിൽ വീട്ടിൽനിന്ന് ഇറങ്ങാൻ കഴിയില്ല എന്നാണ് മക്കൾ പറയുന്നത്.
വീട് വിറ്റ് ബാങ്കിന്‍റെ പണം തിരികെ നൽകാമെന്ന് സമ്മതിച്ചിരുന്നു. എന്നാൽ പിതാവ് നേരത്തെ പലിശയ്ക്ക് പണം വാങ്ങിയവർ വിൽപ്പന മുടക്കി. ഇവർ പലപ്രാവശ്യം വീട്ടിൽ വന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. 7 വ്യക്തികളിൽ നിന്നായി 12 ലക്ഷം രൂപയും വായ്പ വാങ്ങിയിരുന്നു. പിതാവിന്റെ പെൻഷൻ കിട്ടിയത് ഉൾപ്പടെ 18 ലക്ഷം തിരിച്ചടച്ചു. കുടുംബത്തെ വഴിയാധാരമാക്കാൻ കഴിയില്ലെന്ന് നാട്ടുകാർ പ്രതികരിച്ചു. അഭിഭാഷക കമ്മീഷൻ, കേരള ബാങ്ക് അഭിഭാഷകൻ, ഓട്ടുപാറ ശാഖാ മാനെജർ എന്നിവർ വീട്ടിൽ വന്നു. വീട്ടിൽ നിന്നും ഇറങ്ങാനാകില്ല എന്ന് വീട്ടുകാർ അറിയിച്ചതിനെ തുടർന്ന് ബാങ്ക് ജപ്തി നടപടികൾ നിർത്തിവച്ചു. കേസ് 23ന് കോടതിയിൽ പരിഗണിക്കും