ആനയെഴുന്നള്ളിപ്പിനുള്ള ഹൈക്കോടതി മാർഗനിർദ്ദേശങ്ങൾക്കെതിരെ തൃശൂരിൽ പ്രതീകാത്മക പൂരം നടത്തി പൂര പ്രേമികൾ. തൃശൂർ തെക്കേഗോപുരനടയിലായിരുന്നു വേറിട്ട പ്രതിഷേധം. സിപിഐ നേതാവ് വിഎസ് സുനിൽകുമാർ പ്രതിഷേധത്തിൽ പങ്കെടുത്തു.
പൂരം ദിവസം തെക്കോട്ടിറക്കം കഴിഞ്ഞ് ഗോപുര നടക്കു മുൻപിൽ ആലവട്ടവും വെഞ്ചാരവുമായി നെറ്റിപ്പട്ടവും കെട്ടി ഗജവീരന്മാർ നിരന്നു നിൽക്കും. അതേ ഗോപുര നടക്കു മുൻപിൽ ആനയില്ലാതെ ആലവട്ടവും
നെറ്റിപ്പട്ടവും പിടിച്ച് നിന്നായിരുന്നു പൂര പ്രേമി സംഘത്തിൻറെ പ്രതിഷേധം. ഹൈകോടതിയുടെ പുതിയ നിർദ്ദേശങ്ങൾ പൂരത്തെ ഇല്ലാതാക്കും എന്ന് പൂരപ്രേമി സംഘം ആരോപിക്കുന്നു.
കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇടപെടണമെന്ന് സിപിഐ നേതാവ് വിഎസ് സുനിൽ കുമാർ പറഞ്ഞു. മാർഗരേഖ പുറത്തുവന്നതിന് പിന്നാലെ വലിയ പ്രതിഷേധമാണ് ഉണ്ടാകുന്നത്. പുതിയ മാർഗ്ഗരേഖ അനുസരിച്ച് സംസ്ഥാനത്ത് പൂരങ്ങൾ നടത്താനാകില്ല എന്നാണ് വിലയിരുത്തൽ. നിയമ നടപടിക്ക് ഒരുങ്ങുകയാണ് ദേവസ്വങ്ങളും പൂര പ്രേമികളും.