നഴ്സിങ് വിദ്യാർഥിനി അമ്മു സജീവിന്റെ മരണത്തിൽ ഇന്നലെ കസ്റ്റഡിയിലായ സഹപാഠികളുടെ അറസ്റ്റ് രേഖപ്പെടുത്തി. ആത്മഹത്യാപ്രേരണാകുറ്റമാണ് മൂന്ന് സഹപാഠികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. പത്തനംതിട്ട ചുട്ടിപ്പാറ സർക്കാർ നഴ്സിങ് കോളജിലെ മൂന്ന് വിദ്യാർഥിനികളാണ് അറസ്റ്റിലായത്. അമ്മുവിന്റെ സഹപാഠികളായ അലീന ദിലീപ്, എ.ടി.അക്ഷിത, അഞ്ജന മധു എന്നിവരാണ് അറസ്റ്റിലായത്. ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് അറസ്റ്റ്. നാലാം വര്‍ഷ നഴ്സിങ് വിദ്യാര്‍ഥിനികളാണിവര്‍. ഇവർക്കെതിരെ അമ്മുവിന്റെ കുടുംബം മാനസിക പീഡനം ഉൾപ്പെടെയുള്ള ആരോപണങ്ങൾ ഉന്നയിച്ചിരുന്നു.
അമ്മു ആത്മഹത്യ ചെയ്യില്ലെന്ന് കുടുംബം ആവര്‍ത്തിക്കുന്നു. അറസ്റ്റിലായ മൂന്ന് വിദ്യാര്‍ഥിനികളും ലോഗ്ബുക്ക് കാണാതായതുമായി ബന്ധപ്പെട്ടും സാമ്പത്തിക വിഷയങ്ങളിലുള്‍പ്പെടെയും അമ്മുവിനെ കുറ്റപ്പെടുത്തിയിരുന്നു. വലിയ തോതിലുള്ള മാനസിക സമ്മര്‍ദമാണ് അമ്മു നേരിട്ടതെന്നാണ് റിപ്പോര്‍ട്ട്. അമ്മു മരിച്ച് ഒരാഴ്ച കഴിഞ്ഞാണ് അറസ്റ്റ് നടക്കുന്നത്. മൂന്നുപേരെയും വിശദമായി ചോദ്യം ചെയ്തതിനെത്തുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
അടുത്ത മാസം നടത്താനിരുന്ന കോളജ് ടൂറിന്റ ചുമതല അധ്യാപിക അമ്മുവിനെ ഏല്‍പിച്ചിരുന്നു. അമ്മുവിനാണ് ചുമതലയെങ്കില്‍ തങ്ങള്‍ ടൂറിനു വരില്ലെന്ന് ഈ സഹപാഠികള്‍ അധ്യാപികയെ അറിയിച്ചു. തുടര്‍ന്ന് അധ്യാപകര്‍ കൂടി ഇടപെട്ടാണ് ആ പ്രശ്നം പരിഹരിച്ചത്. ഈ സംഭവങ്ങളെല്ലാം നടക്കുന്നതിനിടെയാണ് അമ്മു മരിക്കുന്നത്. വിദ്യാര്‍ഥിനികള്‍ക്കെതിരെ കൂടുതല്‍ കുറ്റങ്ങള്‍ ചുമത്തുന്നത് വിശദമായ ചോദ്യം ചെയ്യലിനു ശേഷമായിരിക്കും. കൂടാതെ അമ്മുവിന്റെ മരണത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് കുടുംബം സര്‍ക്കാരിനെ സമീപിച്ചേക്കും.