തിരുവനന്തപുരം മാറനല്ലൂരില്‍ അങ്കണവാടിയില്‍ കുഞ്ഞ് വീണത് മറച്ച് വച്ച് അധികൃതരുടെ ഗുരുതര അനാസ്ഥ. അഞ്ച് മണിക്കൂറിനു ശേഷം വിവരമറിഞ്ഞ് മാതാപിതാക്കള്‍ ആശുപത്രിയിലെത്തിച്ച മൂന്ന് വയസുകാരി വൈഗ ആന്തരിക രക്തസ്രാവത്തേത്തുടര്‍ന്ന് ഗുരുതരവസ്ഥയിലാണ്. വിവരം പറയാന്‍ മറന്ന് പോയെന്ന് അങ്കണവാടി അധികൃതര്‍ പറഞ്ഞെന്ന് കുട്ടിയുടെ പിതാവ് മനേരമ ന്യൂസിനോട് പറഞ്ഞു.
കുഞ്ഞ് വൈഗയേയും ഇരട്ട സഹോരന്‍ വൈഷ്ണവിനേയും വ്യാഴാഴ്ച രാവിലെ അംഗനവാടിയില്‍ കൊണ്ടു ചെന്നാക്കിയതാണ് പിതാവ് രതീഷ്. വൈകിട്ട് നാലുമണിയോടെ തിരികെ കൂട്ടാനെത്തിയപ്പോള്‍ വൈഗയ്ക്ക്് അവശത തോന്നിയെങ്കിലും പനികൊണ്ടാകുമെന്ന് കരുതി. വീട്ടിലെത്തിയ കുട്ടി തുടര്‍ച്ചയായി ഛര്‍ദിച്ചപ്പോള്‍ സഹോദരനാണ് അംഗനവാടിയില്‍ വീണ കാര്യം പറയുന്നത്. തലയ്ക്ക് പിന്നില്‍ മുഴച്ച പാടു കണ്ടതോടെ കുട്ടിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചു. സുഷുമ്ന നാഡിക്ക് പരുക്കേറ്റ കുട്ടി ആന്തരിക രക്തസ്രാവത്തേത്തുടര്‍ന്ന് ഗുരുതരാവസ്ഥയിലാണ്.
ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്കാണ് കുട്ടി വീണത്. മാതാപിതാക്കള്‍ വിവരമറിയുന്നത് വൈകിട്ട് അഞ്ചു മണിയോടെ. ആശുപത്രിയില്‍ എത്തിക്കുമ്പോഴേയ്ക്കും കുട്ടിയുടെ തലച്ചോറില്‍ രക്തം കട്ടപിടിച്ചിരുന്നു. അംഗനവാടി അധികൃതരുടെ അനാസ്ഥയില്‍ നഷ്ടമായത്.സുവര്‍ണ മണിക്കൂറുകള്‍. ആംബുലന്‍സ് ഡ്രൈവറായതുകൊണ്ടു കൂടിയാണ് കുട്ടിയുടെ പിതാവിന് അപകടാവസ്ഥ ബോധ്യപ്പെട്ടത്. മാനനല്ലൂര്‍ പഞ്ചായത്ത് അംഗനവാടി അധികൃതര്‍ക്കെതിരെ കര്‍ശന നടപടി ആവശ്യപ്പെടുകയാണ് കുടുംബം.