തൃശൂര്‍ നാട്ടിക ദേശീയപാതയില്‍ വഴിയോരത്തു കിടന്നുറങ്ങുകയായിരുന്ന നാടോടി സംഘത്തിനിടയിലേക്ക് തടിലോറി പാഞ്ഞു കയറി രണ്ടു കുട്ടികള്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ മരിച്ച കേസില്‍ ലോറി ജീവനക്കാര്‍ റിമാന്‍ഡില്‍
.കണ്ണൂര്‍ ആലക്കോട് സ്വദേശികളായ ജോസ്, അലക്സ് എന്നിവരാണ് 14 ദിവസത്തേക്ക് റിമാന്‍ഡിലായത്. മദ്യലഹരിയില്‍ വരുത്തിയ ദുരന്തമെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്.
Read Also: ഉറ്റവരെ നഷ്ടപ്പെട്ട നോവില്‍ പ്രിയപ്പെട്ടവര്‍; മോര്‍ച്ചറിക്ക് മുന്നില്‍ കണ്ണീര്‍ക്കാഴ്ചകള്‍
ലോറി ജീവനക്കാര്‍ മദ്യപിച്ച് ലക്കുക്കെട്ട അവസ്ഥയിലായിരുന്നു. ലൈസന്‍സില്ലാത്ത ക്ലീനറാണ് ലോറിയോടിച്ചത്. അപകടത്തിനു ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച ലോറി ജീവനക്കാരെ നാട്ടുകാര്‍ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു.
ഇന്നു പുലര്‍ച്ചെ മൂന്നേമുക്കാലിനായിരുന്നു നാട്ടിക ദേശീയപാതയിലെ ഈ അപകടം. പാലക്കാട് ഗോവിന്ദാപുരം ചെമ്മന്തോട്ട കോളനിക്കാരായ പതിനൊന്നംഗ സംഘം ദേശീയപാതയോരത്തായിരുന്നു രാത്രി കിടന്നുറങ്ങിയത്. വണ്ടികള്‍ വരില്ലെന്ന് ഉറപ്പുള്ള സ്ഥലം. എന്നിട്ടും ലോറി പാഞ്ഞു കയറി. കാരണം, ലോറിയിലെ ക്ലീനറും ഡ്രൈവറും മദ്യപിച്ച് ലക്കുക്കെട്ട അവസ്ഥയില്‍. കണ്ണൂരില്‍ നിന്ന് തടി കയറ്റി പെരുമ്പാവൂരിലേക്ക് പോകുകയായിരുന്നു. വഴിമധ്യേ, മാഹിയിലിറങ്ങി മദ്യം വാങ്ങി. ഓടിക്കൊണ്ടിരുന്ന ലോറിയില്‍ മദ്യപിച്ചു. പൊന്നാനിയില്‍ എത്തിയപ്പോള്‍ ഡ്രൈവര്‍ കണ്ണൂര്‍ സ്വദേശി ജോസിന് ക്ഷീണം.
പിന്നെ ലോറിയോടിച്ചത് കണ്ണൂര്‍ സ്വദേശി അലക്സ്. വഴിയടച്ച് നിരത്തിയ ബാരിക്കേഡുകള്‍ ഇടിച്ചുതകര്‍ത്ത് നാടോടി സംഘത്തിനു മീതേയ്ക്കു പാഞ്ഞു കയറി. അപകടശേഷം ലോറി മുന്നോട്ടെടുത്ത് രക്ഷപ്പെടാനായിരുന്നു ശ്രമം. നടുറോഡില്‍ മണ്‍കൂന കണ്ടതോടെ സര്‍വീസ് റോഡിലേക്ക് തിരിച്ചു. സര്‍വീസ് റോഡാകട്ടെ മുന്നോട്ടു പോകാന്‍ കഴിയാത്ത രീതിയില്‍ അടച്ചിരുന്നു. ലോറിയില്‍ നിന്നിറങ്ങി നടക്കാന്‍ പോലും കഴിയാത്ത രീതിയില്‍ മദ്യലഹരിയിലായിരുന്നു ഇരുവരും. നാട്ടുകാര്‍ തടഞ്ഞുവച്ച് പൊലീസിന് കൈമാറി. ജില്ലാ കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യനും കമ്മിഷണര്‍ ആര്‍. ഇളങ്കോയും അപകട സ്ഥലത്തെത്തി കാര്യങ്ങള്‍ വിലയിരുത്തി.
ഇരുന്നൂറ് കിലോമീറ്റര്‍ ദൂരമാണ് മദ്യലഹരിയില്‍ ലോറി ഓടിച്ചത്. ലോറി ഡ്രൈവറും ക്ലീനറും മദ്യപിച്ചിരുന്നതായി വൈദ്യപരിശോധനയില്‍ തെളിഞ്ഞു. പത്തുവര്‍ഷം ശിക്ഷ കിട്ടാവുന്ന വകുപ്പുകള്‍ ചുമത്തി ഇരുവരേയും അറസ്റ്റ് ചെയ്തു.