പ്ലസ്ടു കോഴക്കേസില്‍ സര്‍ക്കാരിനും ഇഡിക്കും തിരിച്ചടി. കെ.എം. ഷാജിക്കെതിരായ അപ്പീല്‍ സുപ്രീം കോടതി തള്ളി. കോഴക്കേസ് ഹൈക്കോടതി തള്ളിയതിനെതിരെയാണ് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. ഷാജിക്കെതിരെ വിജിലന്‍സ് സമര്‍പ്പിച്ച കുറ്റപത്രം ഹൈക്കോടതി റദ്ദാക്കുകയായിരുന്നു. 

2013ൽ അഴീക്കോട് ഹയർ സെക്കൻഡറി സ്‌കൂളിൽ പ്ലസ്ടു അനുവദിക്കാൻ 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന പരാതിയിൽ 2020 ജനുവരിയിലാണ് കെ.എം ഷാജിയെ പ്രതി ചേർത്ത് വിജിലൻസ് കോഴക്കേസ് റജിസ്റ്റർ ചെയ്തത്. സ്കൂൾ മാനേജ്മെന്റിൽനിന്നും അധ്യാപകൻ വഴി 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നാണ് കേസ്. പിന്നീട് ഈ അധ്യാപകന് ഇതേ സ്കൂളിൽ സ്ഥിരനിയമനം നൽകി.  2016ൽ ഈ തുക ഉപയോഗിച്ചാണ് ഭാര്യയുടെ പേരിൽ ഭവന നിർമാണം നടത്തിയതെന്നു തെളിഞ്ഞുവെന്ന് ഇഡി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അവകാശപ്പെട്ടിരുന്നു.

കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്ന സിപിഎം നേതാവ് കുടുവൻ പദ്‌മനാഭൻ നൽകിയ പരാതിയിലായിരുന്നു ഷാജിക്കെതിരെ കേസെടുത്തത്. തുടര്‍ന്ന് ഷാജിക്ക് വരവില്‍ കവിഞ്ഞ സ്വത്ത് ഉള്ളതായി കണ്ടെത്തിയെന്ന് വ്യക്തമാക്കിയ വിജിലന്‍സ് ഷാജിയുടെ അഴീക്കോട്ടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ 47,35,500 രൂപ പിടിച്ചെടുത്തിരുന്നു. എന്നാൽ ഈ പണം തിരഞ്ഞെടുപ്പ് ഫണ്ട് ആണെന്നും തിരിച്ചുനൽകണമെന്നും ആവശ്യപ്പെട്ട് ഷാജി കോഴിക്കോട് വിജിലൻസ് കോടതിയെ സമീപിച്ചെങ്കിലും പരാജയപ്പെട്ടു. രേഖകളിൽ പൊരുത്തക്കേടുകൾ ഉള്ളതിനാൽ പണം തിരിച്ചുനൽകാനാകില്ലെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു.

ENGLISH SUMMARY:

A setback for both the government and the ED in the Plus Two bribe case against KM Shaji. The Supreme Court rejected the appeal.