കണ്ണൂർ എഡിഎമ്മായിരുന്ന നവീൻ ബാബുവിന്റെ മരണത്തെക്കുറിച്ചുള്ള അന്വേഷണത്തിന്റെ കേസ് ഡയറി ഹാജരാക്കാൻ ഹൈക്കോടതി നിർദേശം. സിബിഐ അന്വേഷണമാവശ്യപ്പെട്ട് ഭാര്യ കെ.മഞ്ജുഷ നൽകിയ ഹർജിയിൽ അന്വേഷണത്തെ കുറിച്ച് സത്യവാങ്മൂലം നൽകണമെന്നും കോടതി നിർദേശിച്ചു. ഹർജി തീർപ്പാക്കുന്നതുവരെ എസ്ഐടി അന്തിമ റിപ്പോർട്ട് നൽകുന്നത് തടയണമെന്ന ഹർജിക്കാരുടെ ഇടക്കാല ആവശ്യം ഹൈക്കോടതി അനുവദിച്ചില്ല.
നവീൻ ബാബുവിന്റേത് ആത്മഹത്യയല്ലേ എന്നും കൊലപാതകമെന്ന് സംശയിക്കാൻ എന്താണ് കാരണമെന്നുമായിരുന്നു കോടതിയുടെ ആദ്യ ചോദ്യം. അന്വേഷണം ശരിയായ ദിശയിൽ അല്ലെന്ന് ആശങ്കപ്പെടാൻ പ്രതി രാഷ്ട്രീയ നേതാവാണെന്നതിലുപരി മറ്റു കാരണമുണ്ടോയെന്നും കോടതി ചോദിച്ചു. നവീൻ ബാബു മരിക്കുന്നതിനു മുമ്പുള്ള മണിക്കൂറുകളിൽ എന്താണ് സംഭവിച്ചത് എന്നത് പുറത്തു വന്നിട്ടില്ലെന്ന് ഹർജിക്കാർ പറഞ്ഞു. Also Read: എഡിഎമ്മിന്റെ മരണം: പിന്നില്‍ വമ്പന്മാര്‍ ഉണ്ടായേക്കാം: സിഐടിയു നേതാവ്...
ഹർജിയിൽ തീർപ്പാകുന്നതു വരെ അന്വേഷണ സംഘം അന്തിമ റിപ്പോർട്ട് സമർപ്പിക്കുന്നത് തടയണമെന്നും നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ. എന്നാൽ ആവശ്യം കോടതി അംഗീകരിച്ചില്ല. അന്വേഷണം നടക്കട്ടെയെന്നും അന്തിമ റിപ്പോർട്ട് വേഗത്തിൽ സമർപ്പിക്കുന്നതല്ലേ നല്ലത് എന്നും കോടതി ചോദിച്ചു. തുടർന്നാണ് കേസന്വേഷിക്കുന്ന പ്രത്യേകാന്വേഷണ സംഘത്തിന്റെ ഇൻസ്പെക്ടറോട് കേസ് ഡയറി ഹാജരാക്കാനും സത്യവാങ്മൂലം സമർപ്പിക്കാനും കോടതി നിർദേശിച്ചത്. അടുത്ത തവണ ഹർജി പരിഗണിക്കുന്ന ഡിസംബർ ആറിന് കേസ് ഡയറി ഹാജരാക്കാനാണ് നിർദേശം. ഹർജിയിൽ സിബിഐയ്ക്ക് നോട്ടിസ് അയയ്ക്കാനും കോടതി നിർദേശം നൽകി.
ഉന്നത രാഷ്ട്രീയ സ്വാധീനമുള്ള പ്രതി വ്യാജ തെളിവുകൾ ഉണ്ടാക്കുകയാണെന്ന് ഹർജിക്കാരുടെ അഭിഭാഷകൻ വാദിച്ചു. അന്വേഷണ ഉദ്യോഗസ്ഥർ പ്രോട്ടോകോൾ പ്രകാരം പ്രതിയുടെ താഴെയുള്ളവരാണ്. നവീൻ ബാബുവിന് കൈക്കൂലി നൽകിയെന്ന് പറയുന്ന പ്രശാന്തന്റെ പേരും ഒപ്പും വ്യത്യസ്തമാണ്. അന്വേഷണ സംഘം പ്രതികളെ സഹായിക്കുകയാണ്.
പ്രത്യേകാന്വേഷണ സംഘം എന്ന പേരുമാത്രമേയുള്ളൂ എന്നും ഹർജിക്കാർ വാദിച്ചു. പ്രത്യേക അന്വേഷണസംഘത്തിൽ വിശ്വാസമില്ലെന്നും നീതി ലഭിക്കാൻ സിബിഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടാണ് മഞ്ജുഷ ഹൈക്കോടതിയെ സമീപിച്ചത്