ഭിന്നശേഷിക്കാരനായ ഭര്‍ത്താവിനെയും വൃക്കരോഗിയായ മകളെയും കൂട്ടി എങ്ങോട്ട് പോകണമെന്ന് അറിയാതെ വിഷമിക്കുകയാണ് കോഴിക്കോട് ചേളന്നൂര്‍ സ്വദേശി വിനീത. കടയില്‍ ജോലി ചെയ്ത് കിട്ടുന്ന തുച്ഛമായ തുക കൊണ്ട് വാടക കൊടുക്കാനും വീട്ടുചെലവ് നടത്താനും ബുദ്ധിമുട്ടുന്ന വിനീതയ്ക്ക് സ്വന്തമായി വീടെന്ന സ്വപ്നം വളരെ അകലെയാണ്.
കാലിലെ കുത്തിവലിക്കുന്ന വേദനയിലും കിടക്കയില്‍ മകള്‍ക്ക് കൂട്ട് പുസ്തങ്ങളാണ്. വൃക്കയിലെ കാല്‍സ്യത്തിന്റ കുറവ് കാരണം കാലിലുണ്ടായ വളവിനെ തുടര്‍ന്ന് ശസ്ത്രക്രിയ നടത്തി കമ്പി ഇട്ടിരിക്കുകയാണ്. പ്ലസ് വണില്‍ 98 ശതമാനത്തിലധികം മാര്‍ക്കോടെയാണ് മകള്‍ പാസായത്. ഭാവിയില്‍ സി.എ. നേടണം. അതിന് ചികിത്സ പൂര്‍ത്തിയാക്കണം.
സമീപത്തെ കടയില്‍ ജോലി ചെയ്ത് ലഭിക്കുന്ന തുച്ഛമായ തുകയാണ് വിനീതയുടെ കുടുംബത്തിന്റ ഏകവരുമാനം. ഭിന്നശേഷിക്കാരനായ ഭര്‍ത്താവ് സുനിലിന് രണ്ട് തവണ ഹൃദയാഘാതമുണ്ടായി. എം.കെ.രാഘവന്‍ എംപി വീട് നിര്‍മിച്ച് നല്‍കാന്‍ മുന്‍കൈ എടുക്കാമെന്ന് സമ്മതിച്ചിട്ടുണ്ട്. പക്ഷെ വാഹനം എത്തിച്ചേരുന്നിടത്ത് വീട് വയ്ക്കാന്‍ മൂന്നുസെന്റ് ഭൂമി കിട്ടണം. അതിന് ആരെങ്കിലും കനിയുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം.