ആലപ്പുഴ വനിതാ ശിശു ആശുപത്രിക്കെതിരെ വീണ്ടും പരാതി. ഒരു വർഷം മുൻപ് പ്രസവത്തിനിടെ നവജാത ശിശുവിന്റെ വലതു കൈ തളർന്നു ഒരു വർഷത്തിലധികമായി കുഞ്ഞ് സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്. മെഡിക്കൽ ബോർഡ് ചേർന്ന് പരിശോധനകൾ നടത്താമെന്ന് ആശുപത്രി അധികൃതർ ഉറപ്പു നൽകിയെങ്കിലും ഒരു നടപടിയും ഉണ്ടായില്ലെന്ന് പിതാവ് വിഷ്ണു മനോരമ ന്യൂസിനോട് പറഞ്ഞു. ആലപ്പുഴ റെയിൽ‌വെ സ്റ്റേഷൻ വാർഡ് ചിറപ്പറമ്പ് വിഷ്ണുവിന്റെ ഭാര്യ അശ്വതി കഴിഞ്ഞ വർഷം ജൂലൈ 23 നാണ് ആലപ്പുഴ വനിതാ ശിശു ആശുപത്രിയിൽ ആൺ കുഞ്ഞിന് ജൻമം നൽകി. വാക്വം ഡെലിവറിയാണ് നടന്നത് എന്നാൽ നവജാത ശിശുവിന്റെ വലത്തുകൈ തളർന്ന നിലയിലായിരുന്നു. പ്രസവം നടന്നപ്പോൾ സംഭവിച്ച പിഴവെന്ന് ഡോക്ടർമാർ സമ്മതിച്ചെന്ന് പിതാവ് വിഷ്ണു മനോരമ ന്യൂസിനോട് പറഞ്ഞു കുട്ടി ഒരു വർഷമായി വിവിധ ആശുപത്രികളില്‍ ചികിൽസ തേടുകയാണ്. 

 

സ്വകാര്യ ബസ് ഡ്രൈവറായിരുന്നു വിഷ്ണു. ആദ്യം സ്വകാര്യ ആശുപത്രിയിലായിരുന്നു അശ്വതിയുടെ ഗർഭകാല ചികിൽസ തേടിയിരുന്നത്. വിഷ്ണുവിന് ശാരീരിക പ്രയാസങ്ങൾ ഉണ്ടായതോടെ വരുമാനം നിലച്ചു. ഇതേ തുടർന്ന് ഏഴാം മാസം മുതൽ ആലപ്പുഴ വനിത ശിശു ആശുപത്രിയിലെ ഡോക്ടറെ കണ്ടു തുടങ്ങിയത്. കുട്ടിയുടെ കൈ തളർന്നതിനെക്കുറിച്ച് അറിയിച്ചപ്പോൾപരിശോധനയ്ക്ക് മെഡിക്കൽ ബോർഡ് രൂപീകരിക്കുമെന്ന് പറഞ്ഞിട്ടും ഒരു വർഷമായിട്ടും നടന്നില്ല. ചികിൽസാ പിഴവിനെ തിരെ പൊലീസിൽ പരാതി നൽകുമെന്ന് വിഷ്ണു പറഞ്ഞു. സാമ്പത്തിക പരാധീനതയ്ക്ക് ഇടയിലും കുഞ്ഞിന്റെ കൈയുടെ ശേഷി വീണ്ടെടുക്കാനുള്ള നെട്ടോട്ടത്തിലാണ് വിഷ്ണുവും അശ്വതിയും  Also Read: വൈകല്യമുള്ള കുഞ്ഞിന്റെ ജനനം; ഫ്ലൂയിഡ് കൂടുതലാണെന്ന് ദമ്പതികളെ അറിയിച്ചെന്നു സൂപ്രണ്ട്...

 

അതേസമയം, ആലപ്പുഴയിൽ അപൂർവ വൈകല്യങ്ങളോടെ കുഞ്ഞ് ജനിച്ചതിൽ വനിതാ ശിശു ആശുപത്രിയിലെ ഡോക്ടർമാരുടെ അശ്രദ്ധയും സ്കാനിങ്ങിലെ പിഴവും മൂലവുമാണെന്ന പരാതിയിൽ ആരോഗ്യ വകുപ്പ് അന്വേഷണം തുടങ്ങി. ആലപ്പുഴ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ രണ്ടു ഡോക്ടർമാർ സ്വകാര്യ സ്കാനിങ് സെന്ററിലെ രണ്ട് ഡോക്ടർമാർ എന്നിവർക്കെതിരെ പൊലിസ് കേസെടുത്തു. ആശുപത്രിയുടെ അനാസ്ഥക്കെതിരെ പ്രതിഷേധം ശക്തമായി. വിവിധ സംഘടനകൾ ആശുപത്രിക്കു മുന്നിൽ പ്രതിഷേധിച്ചു.

ആലപ്പുഴ ലജനത്ത് വാർഡ് നവറോജി പുരയിടത്തിൽ അനീഷ് മുഹമ്മദിന്റെ ഭാര്യ സുറുമി പ്രസവിച്ച കുഞ്ഞിനാണ് അപൂർവ വൈകല്യം. നവംബർ എട്ടിന് ആലപ്പുഴ വണ്ടാനം മെഡി. കോളജ് ആശുപത്രിയിൽ പ്രസവത്തിന് തൊട്ടു മുൻപ് നടത്തിയ പരിശോധനയിലാണ് കുഞ്ഞിന് വൈകല്യങ്ങൾ ഉണ്ടെന്ന് കണ്ടെത്തിയത്. ഗർഭകാലത്ത് ഏഴുതവണ ഡോക്ടർമാരുടെ നിർദേശപ്രകാരം രണ്ട് സ്വകാര്യ ലാബുകളിൽ നടത്തിയ സ്കാനിങ് പരിശോധനയിൽ കുഴപ്പങ്ങൾ കണ്ടെത്തിയിരുന്നില്ലെന്നാണ് മാതാപിതാക്കളായ സുറുമിയും അനീഷും പറയുന്നത്.

മാതാപിതാക്കളുടെ പരാതിയിൽ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ ഡോക്ടർമാർക്കെതിരെയും സ്വകാര്യ സ്കാനിങ് സെൻ്ററിലെ ഡോക്ടർമാർക്കെതിരെയും എഫ് ഐ ആർ റജിസ്റ്റർ ചെയ്തു. മെഡിക്കൽ ബോർഡിൻ്റെ റിപ്പോർട്ട് ലഭിച്ച ശേഷം തുടർ നടപടികൾ സ്വീകരിക്കാനാണ് പൊലിസ് തീരുമാനം. ആശ്വപത്രി അധികൃതർ ഡിഎംഒയ്ക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്.

പ്രശ്നത്തിൽ ഡി എംഒയുടെ നേതൃത്വത്തിൽ വിദഗ്ധ സംഘം അടിയന്തര അന്വേഷണം നടത്തും. ആലപ്പുഴ കലക്ടർ അലക്സ് വർഗീസ്, എച്ച് സലാം എംഎല്‍എ, ഡി എം എം എന്നിവർ യോഗം ചേർന്നാണ് തീരുമാനം കൈക്കൊണ്ടത്.

കുഞ്ഞിന് വൈകല്യമുണ്ടായതിൽ ആരോഗ്യ വകുപ്പും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ആരോഗ്യവകുപ്പ് അഡീഷണൽ ഡയറക്ടർക്കാണ് അന്വേഷണ  ചുമതല. സ്കാനിങ് സെൻററിനെക്കുറിച്ചും അന്വേഷണം നടത്തും . കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു. ആശുപത്രിയിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മാർച്ച് നടത്തി. ആശുപത്രി കവാടത്തിൽ പ്രവർത്തകരെ പൊലിസ് തടഞ്ഞു. വനിത - ശിശു ആശുപത്രി സൂപ്രണ്ടിനെ മുസ്ലിംലീഗ് പ്രവർത്തകർ ഉപരോധിച്ചു. 

ENGLISH SUMMARY:

Again complaint against alappuzha women and child hospital