പതിനെട്ടാംപടി കയറിവരുന്ന ഭക്തര്‍ക്ക് ക്യൂ നില്‍ക്കാതെ ദര്‍ശനത്തിനുള്ള സാധ്യത തേടി ദേവസ്വം ബോര്‍ഡ്. ബലിക്കല്‍ പുര വഴി തിരുനടയിലെത്തിയുള്ള ദര്‍ശനത്തിനാണ് ചര്‍ച്ചകള്‍. ഇന്നു ബോര്‍ഡ് പ്രസിഡന്‍റും അംഗങ്ങളും സന്നിധാനത്ത് വിവിധ തലങ്ങളിലുള്ളവരുമായി ചര്‍ച്ച നടത്തും
പടികയറിയെത്തുന്ന തീര്‍ഥാടകര്‍ക്ക് നേരെ തിരുനടയിലെത്തി തൊഴുത് മുന്നോട്ടുപോയി മാളികപ്പുറം വഴി താഴെയിറങ്ങാന്‍ കഴിയുമെന്നാണ് മെച്ചം. നേരെ ദര്‍ശനം കിട്ടിയില്ലെന്ന പരാതിയും പരിഹരിക്കാം. എന്നാല്‍ മിനിട്ടില്‍ പടികയറിയെത്തുന്ന 85 പേര്‍ ഒരേസമയം ബലിക്കല്‍ പുരയിലെത്തുമ്പോള്‍ വിചാരിച്ച രീതിയില്‍ മുന്നോട്ടുപോയില്ലെങ്കില്‍ പതിനെട്ടാംപടിക്ക് താഴെയുള്ള കാത്തിരിപ്പു നീളും. ഇതാണ് ഇങ്ങനെയുള്ള ദര്‍ശനത്തിനുള്ള തടസമായി പോലീസ് ചൂണ്ടിക്കാട്ടുന്നത്.
കൊടിമരച്ചുവട്ടിനു രണ്ടു വശത്തുകൂടി മാത്രമേ ബലിക്കല്‍പുരയിലേക്ക് കടക്കാനും കഴിയുകയുള്ളു. തിരക്കുള്ള സമയത്ത് നിലവില്‍ മേല്‍പാലത്തില്‍ മാത്രം അരമണിക്കൂര്‍ മുതല്‍ ഒരു മണിക്കൂര്‍ വരെ കാത്തിരിപ്പ് നീളാറുണ്ട്. മേല്‍പ്പാലത്തില്‍ ഒരേസമയം രണ്ടായിരം പേരെ ഉള്‍ക്കൊള്ളാനുള്ള ശേഷിയുണ്ട്. ഇതിലെ പ്രായോഗിക വശങ്ങള്‍ വിവിധ തലങ്ങളിലുള്ളവരുമായി ഇന്നു സന്നിധാനത്തെത്തുന്ന ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റും അംഗങ്ങളും ചര്‍ച്ച ചെയ്യും. അതിനുശേഷം ഇക്കാര്യം കോടതിയേയും അറിയിച്ചേ നടപ്പാക്കാനാകൂ.