സന്നിധാനത്ത് വിരിവെപ്പ് കേന്ദ്രത്തിൽ മാലിന്യം കൂട്ടിയിട്ടതായിരുന്നു പ്രശ്നമെങ്കിൽ എരുമേലിയിൽ മാലിന്യ സംസ്കരണം പാളിയതാണ് അയ്യപ്പ ഭക്തരെ ദുരിതത്തിലാക്കുന്നത്. പഞ്ചായത്തിന് കീഴിലുള്ള ഇൻസിനറേറ്റർ കത്തിനശിച്ചതോടെ എരുമേലിയിലെ മാലിന്യ സംസ്കരണം പാളി. പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ ഉൾപ്പെട്ട തരം തിരിക്കാതെ കൂട്ടിയിട്ട നിലയിലാണ്..
മാലിന്യം കൂട്ടിയിട്ടിരിക്കുന്ന വിരിവെപ്പ് കേന്ദ്രത്തിലെ ദുരിതാവസ്ഥ സംബന്ധിച്ച മനോരമ ന്യൂസ് റിപ്പോർട്ട് കണ്ട ദേവസ്വം ബോർഡ് നടപടിയെടുത്തു.. ഇനി എരുമേലിയിലെ ഈ അവസ്ഥ കണ്ട് നടപടിയെടുക്കേണ്ടത് പഞ്ചായത്ത് ആണ്. ശബരിമല തീർത്ഥാടനം ആരംഭിച്ചതോടെ ടൺ കണക്കിന് മാലിന്യമാണ് ദിനം പ്രതി എരുമേലിയിൽ ഉണ്ടാവുന്നത്. ഇതിൽ പ്ലാസ്റ്റിക്ക് ഒഴികെയുള്ള മാലിന്യങ്ങൾ കൊടിത്തോട്ടത്താണ് സംസ്ക്കരിച്ചിരുന്നത്. കൊടിത്തോട്ടത്തെ ഇൻസിനറേറ്റർ കഴിഞ്ഞ ദിവസം കത്തിയതോടെയാണ് മാലിന്യ സംസ്കരണം പ്രതിസന്ധിയിലായിരിക്കുന്നത്.
നിലവിൽ എരുമേലിയിലെ കവുങ്ങുംകുഴിയിൽ എത്തിച്ച് പ്ലാസ്റ്റിക്ക് ജൈവ മാലിന്യങ്ങൾ ഒരുമിച്ച് തള്ളുന്നെന്നാണ് പരാതി. 2009-10 കാലയളവിൽ എരുമേലി കവുങ്ങുംകുഴിയിൽ സ്ഥാപിച്ച ഖരമാലിന്യ സംസ്ക്കരണ കേന്ദ്രമാകട്ടെ കാടുകയറി മൂടിയ അവസ്ഥയിലാണ്. മാലിന്യം തരം തിരിക്കാതെ കൂട്ടിയിടുന്നതിൽ പരാതിയും പ്രതിഷേധങ്ങളും ഉണ്ടായെങ്കിലും നടപടിയില്ല. തീർത്ഥാടക തിരക്ക് ദിനം പ്രതി വർദ്ധിക്കുന്ന സാഹചര്യത്തിൽ എത്രയും വേഗം മാലിന്യ സംസ്കരണത്തിന് നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.