ആലപ്പുഴയിൽ ഗർഭകാല ചികിൽസയിലെ പിഴവിനെത്തുടർന്ന് നവജാത ശിശു വൈകല്യത്തോടെ ജനിച്ചതിൽ പരിശോധനയ്ക്ക് ആരോഗ്യ വകുപ്പ് വിദഗ്ധ സംഘം ആലപ്പുഴയില്‍. ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടർ വി. മീനാക്ഷിയുടെ നേതൃത്വത്തിലുള്ള സംഘം വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കുഞ്ഞിനെയും പരിശോധിച്ചു . സ്വകാര്യ സ്കാനിങ്ങ് സെൻ്ററുകളിലേക്ക് ഡി.വൈ.എഫ്.ഐ നടത്തിയ മാർച്ചിൽ നേരിയ സംഘർഷമുണ്ടായി.
അപൂർവവൈകല്യങ്ങളുമായി ജനിച്ച കുഞ്ഞിന്‍റെ തുടർ ചികിത്സ സംബന്ധിച്ച് തീരുമാനമെടുക്കുന്നതിനും ആക്ഷേപങ്ങളുടെ നിജസ്ഥിതി മനസിലാക്കുന്നതിനുമാണ് വിദഗ്ധ സംഘം ആലപ്പുഴയിലെത്തിയത്. വണ്ടാനം മെഡി.കോളജ് ആശുപത്രിയിലെത്തിച്ച കുഞ്ഞിനെ സംഘം പരിശോധിച്ചു. കുഞ്ഞിന്‍റെ നിലവിലെ അവസ്ഥയെക്കുറിച്ച് മാതാപിതാക്കളോട് വിരങ്ങൾ ചോദിച്ചു മനസിലാക്കി. ചികിൽസാ രേഖകളും പരിശോധിച്ചു. ചികിൽസ , സ്കാനിങ്ങ് എന്നിവയിൽ പിഴവുണ്ടായോ എന്നും സംഘം അന്വേഷിക്കും. ഡോക്ടർമാരുടെ ഭാഗത്ത് പിഴവില്ല എന്നാണ് ജില്ലാ മെഡിക്കൽ ഓഫീസർ നൽകിയ പ്രാഥമിക റിപ്പോർട്ട് . സ്കാനിങ് സെന്‍ററുകൾക്ക് വീഴ്ച പറ്റിയതായുള്ള സൂചന റിപ്പോർട്ടിലുണ്ട്.
കുഞ്ഞിന്‍റെ വൈകല്യങ്ങൾ ലഘൂകരിക്കുന്നതിനുള്ള തെറപ്പി അടക്കമുള്ള കാര്യങ്ങളിലും വിദഗ്ധ സംഘം നിർദ്ദേശങ്ങൾ സമർപ്പിക്കും. അന്വേഷണ റിപ്പോർട്ട് വൈകാതെ ആരോഗ്യ മന്ത്രിക്ക് കൈമാറും. ആലപ്പുഴ ലജനത്ത് വാർഡ് നവറോജി പുരയിടത്തിൽ അനീഷ് മുഹമ്മദ് - സുറുമി ദമ്പതികളുടെ മൂന്നാമത്തെ കുഞ്ഞാണ് വൈകല്യങ്ങളോടെ ജനിച്ചത്. ഗർഭകാലത്ത് എഴുതവണ സ്കാനിങ്ങ് നടത്തിയിട്ടും വൈകല്യങ്ങൾ കണ്ടെത്താനായില്ല എന്നാണ് പരാതി. സുറുമിയുടെ പരാതിയിൽ ആലപ്പുഴ വനിതാ ശിശു ആശുപത്രിയിലെ രണ്ടു ഡോക്ടർമാർ, സ്വകാര്യ സ്കാനിങ്ങ് സെന്‍ററിലെ രണ്ടു ഡോക്ടർമാർ എന്നിവർക്കെതിരെ പൊലിസ് കേസെടുത്തിട്ടുണ്ട്. ചികിൽസാ രേഖകൾ പൊലിസിന്‍റെ പ്രത്യേക സംഘത്തിനു നേതൃത്വം നൽകുന്ന ആലപ്പുഴ Dysp യ്ക്കും പിതാവ് അനീഷ് കൈമാറി. അതേസമയം സ്കാനിങ് പിഴവിൽ ആരോപണ വിധേയമായ മിഡാസ് ,ശങ്കേഴ്സ് എന്നീ സ്വകാര്യ ലാബുകളിലേക്ക് DYFI നടത്തിയ മാർച്ചിൽ നേരിയ സംഘർഷമുണ്ടായി.