കോട്ടയ്ക്കല്‍ നഗരസഭയിലെ ക്ഷേമപെന്‍ഷന്‍ തട്ടിപ്പില്‍ ഇന്നുമുതല്‍ നടപടി. അനര്‍ഹരെന്ന് 2021ല്‍ കണ്ടെത്തിയ 63പേരെ നേരിട്ട് കണ്ട് അന്വേഷണം നടത്തും. അന്വേഷണം ആവശ്യപ്പെട്ട് ഭരണസമിതി നഗരസഭ സെക്രട്ടറിക്ക് കത്ത് നല്‍കി. 63ല്‍ 28പേരെ നേരത്തെ ക്ഷേമ പെന്‍ഷനില്‍നിന്ന് ഒഴിവാക്കിയിരുന്നു.
അനധികൃതമായി ക്ഷേമ പെന്‍ഷന്‍ ലഭിച്ചതിന് നഗരസഭ ഭരണസമിതിയും ഉദ്യോഗസ്ഥരും ഉത്തരവാദിയെന്ന് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ക്ക് നേതൃത്വം നല്‍കുന്ന ടി. കബീര്‍ മനോരമ ന്യൂസിനോട്. കുറ്റക്കാര്‍ക്കെതിരെ നിയമ നടപടി വേണം. ഉത്തരവാദിത്തില്‍ നിന്ന് യുഡിഎഫ് ഭരണസമിതിക്ക് ഒഴിഞ്ഞു മാറാനാവില്ല. നടപടി ആവശ്യപ്പെട്ട് പരാതി നല്‍കുമെന്നും ടി. കബീര്‍ പറഞ്ഞു.
അനധികൃതമായി പെന്‍ഷന്‍ നല്‍കിയതിന് നഗരസഭ ഭരണസമിതി ഉത്തരവാദിയല്ലെന്ന് മുന്‍ നഗരസഭ ചെയര്‍മാനും മുനിസിപ്പല്‍ മുസ്്ലീംലീഗ് പ്രസിഡന്റുമായ കെ.കെ നാസര്‍ മനോരമ ന്യൂസിനോട്. ഒാരോ വാര്‍ഡിലും ചുമതലയുളള ഉദ്യോഗസ്ഥരും റവന്യൂ ഉദ്യോഗസ്ഥരുമാണ് വീഴ്ച വരുത്തിയത്. ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി എടുക്കണം. ക്ഷേമ പെന്‍ഷന്‍റെ കാര്യത്തില്‍ നഗരസഭ ഭരണസമിതിക്കുളളത് പോസ്റ്റുമാന്‍റെ റോളെന്നും കെ.കെ.നാസര്‍.
അതേസമയം സാമൂഹ്യ പെന്‍ഷന്‍ തട്ടിച്ച സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരായ നടപടിയില്‍ അവ്യക്തത. ക്രിമിനല്‍ കേസെടുത്ത് കേന്ദ്രീകൃത അന്വേഷണത്തിന് തയ്യാറാകാതെ വകുപ്പുകള്‍ നടപടിയെടുക്കട്ടെ എന്നാണ് ധനവകുപ്പ് നിലപാട്. വ്യാജരേഖ ചമയ്ക്കല്‍ ഉള്‍പ്പെടേയുള്ള ഗുരുതര കുറ്റങ്ങള്‍ ഇതിലൂടെ ഒഴിവാക്കപ്പെടും. വ്യാജ രേഖകള്‍ നല്‍കാന്‍ റവന്യൂ–പഞ്ചായത്ത് ഉദ്യോഗസ്ഥരുടെ ഒത്താശയുണ്ടോ എന്നതിലും അന്വേഷണം ഉണ്ടാകില്ല.