സാമൂഹ്യ പെന്‍ഷന്‍ തട്ടിച്ച സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരായ നടപടിയില്‍ അവ്യക്തത. ക്രിമിനല്‍ കേസെടുത്ത് കേന്ദ്രീകൃത അന്വേഷണത്തിന് തയ്യാറാകാതെ വകുപ്പുകള്‍ നടപടിയെടുക്കട്ടെ എന്നാണ് ധനവകുപ്പ് നിലപാട്. വ്യാജരേഖ ചമയ്ക്കല്‍ ഉള്‍പ്പെടേയുള്ള ഗുരുതര കുറ്റങ്ങള്‍ ഇതിലൂടെ ഒഴിവാക്കപ്പെടും. വ്യാജ രേഖകള്‍ നല്‍കാന്‍ റവന്യൂ–പഞ്ചായത്ത് ഉദ്യോഗസ്ഥരുടെ ഒത്താശയുണ്ടോ എന്നതിലും അന്വേഷണം ഉണ്ടാകില്ല. വ്യാജ രേഖയുള്‍പ്പെടേയുള്ള ഗൗരവരമായ കാര്യങ്ങള്‍ ഉണ്ടെന്ന് ധനമന്ത്രി തന്നെ പറഞ്ഞിരുന്നു.
വ്യാജ രേഖയുള്‍പ്പെടേയുള്ള ഗൗരവരമായ കാര്യങ്ങള്‍ ഉണ്ടെന്ന് ധനമന്ത്രി തന്നെ പറയുന്നു. പക്ഷെ, ഉദ്യോഗസ്ഥരുടെ സാമൂഹ്യ പെന്‍ഷന്‍ കൊള്ളയില്‍ വിജിലന്‍സിന്‍റെയോ പൊലീസിന്‍റെയോ കേന്ദ്രീകൃത അന്വേഷണം വേണ്ടേയെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരമില്ല. വകുപ്പുകള്‍ പരിശോധിച്ച് നടപടിയെടുക്കട്ടെയെന്നാണ് മറുപടി. ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ വിശദമായി പരിശോധിച്ച് കണ്ടെത്തിയ വിഷയത്തില്‍ എന്ത് പരിശോധനയാണ് വകുപ്പുകള്‍ നടത്തുകയെന്ന് വ്യക്തമല്ല.
പെന്‍ഷന്‍ പട്ടികയില്‍ ഇടം കിട്ടാന്‍ വ്യാജ രേഖകള്‍ ഉപയോഗിച്ചോയെന്നതും, വരുമാന സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന റവന്യൂ ഉദ്യോഗസ്ഥരും പെന്‍ഷനുള്ള അര്‍ഹത പരിശോധിക്കുന്ന ഉദ്യോഗസ്ഥരും ഒത്താശ ചെയ്തോ തുടങ്ങിയ കാര്യങ്ങളൊന്നും വകുപ്പ് തലത്തില്‍ പരിശോധിക്കുക അസാധ്യം. ചുരുക്കത്തില്‍ നാട്ടിലെ ഏറ്റവും പാവപ്പെട്ട മനുഷ്യര്‍ക്കായി നല്‍കുന്ന പണം നിയമവിരുദ്ധമായ മാര്‍ഗങ്ങളിലൂടെ തട്ടിയെടുത്തത് കേവലം അച്ചടക്ക നടപടികളിലൊതുങ്ങും. കോട്ടയ്ക്കല്‍ നഗരസഭയിലെ ക്രമക്കേടില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം നിര്‍ദേശിച്ച സര്‍ക്കാരാണ് പെന്‍ഷന്‍ വെട്ടിച്ച ഉദ്യോഗസ്ഥരോട് ഈ മൃദുസമീപനം സ്വീകരിക്കുന്നത്.