കളർകോട് കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അഞ്ചുപേർ മരിച്ചു. രണ്ടുപേർക്ക് ഗുരുതര പരുക്ക്. ഏഴു പേരാണ് കാറിലുണ്ടായിരുന്നത്. കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസിലേക്ക് കാർ ഇടിച്ചു കയറുകയായിരുന്നു. രാത്രി 9.30ഓടെയായിരുന്നു സംഭവം. അപകടത്തിൽപെട്ടവർ വണ്ടാനം മെഡിക്കൽ കോളജിലെ ഒന്നാം വർഷ മെഡിക്കൽ വിദ്യാർഥികളാണ്
കണ്ണൂർ സ്വദേശി മുഹമ്മദ് ജബ്ബാർ, ലക്ഷദ്വീപ് സ്വദേശി ദേവാനന്ദ്, മുഹമ്മദ് ഇബ്രാഹിം, പാലക്കാട് സ്വദേശി ശ്രീദീപ്, ആലപ്പുഴ സ്വദേശി ആയുഷ് ഷാജി എന്നിവരാണ് മരിച്ചത്. കാർ വെട്ടിപ്പൊളിച്ചാണ് ആളുകളെ പുറത്തെടുത്തത്. അപകടത്തിൽ കാർ പൂർണമായും തകർന്നു.
കളർകോട് ജംക്‌ഷനു സമീപമാണ് അപകടം നടന്നത്. ഗുരുവായൂരിൽനിന്ന് കായംകുളത്തേക്ക് വന്ന കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസും ആലപ്പുഴയിലേക്ക് വന്ന കാറുമാണ് കൂട്ടിയിടിച്ചത്. പരുക്കേറ്റവരെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.