jasheer-pallivayal-attack

സമൂഹമാധ്യമങ്ങളിലൂടെ ഭീഷണിപ്പെടുത്തിയെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ പരാതി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ജഷീര്‍ പള്ളിവയലിനെതിരെ കല്‍പ്പറ്റ സി.ഐ വിനോയ് ആണ് പരാതി നല്‍കിയത്. ദൈവം ആയുസ്സ് നീട്ടി തന്നിട്ടുണ്ടെങ്കില്‍ വിടത്തില്ല എന്നായിരുന്നു യൂത്ത് കോണ്‍ഗ്രസിന്റെ കലക്ടറേറ്റ് മാര്‍ച്ചിലെ പൊലീസ് നടപടിക്ക് പിന്നാലെയുള്ള ഫെയ്സ്ബുക്ക് പോസ്റ്റ്. 

മുണ്ടക്കൈ– ചൂരല്‍മല പുനരധിവാസം വൈകുന്നെന്ന് ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് വയനാട് കലക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചിലായിരുന്നു സംഘര്‍ഷമുണ്ടായത്. പൊലീസ് ഒട്ടേറെ തവണ ലാത്തിയും കണ്ണീർ വാതകവും പ്രയോഗിച്ചിരുന്നു. നേതാക്കളും പ്രവർത്തകരുമടക്കം 30 ഓളം പ്രവർത്തകർക്ക് പരുക്കേറ്റു. ഇതിനുപിന്നാലെയാണ് തന്നെ തല്ലിചതച്ച പൊലീസുകാരന്‍റെ ചിത്രം ഫെയ്സ്ബുക്കിലിട്ട് ‘ദൈവം ആയുസ് തന്നിടുണ്ടേൽ വിടത്തില്ല വിടത്തില്ല’ എന്ന് ജഷീര്‍ പള്ളിവയലിന്‍ കുറിച്ചത്.

സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം പൊലീസ് നേരിട്ടത് ക്രൂരമായെന്ന് പ്രിയങ്ക ഗാന്ധി പ്രതികരിച്ചിരുന്നു. സര്‍ക്കാരുകള്‍ ആ പ്രശ്നം മനസിലാക്കുന്നതിന് പകരം തല്ലുകയാണ് ചെയ്തതെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. എത്ര തല്ലി ഒതുക്കാൻ നോക്കിയാലും വയനാട്ടിലെ വലിയ ദുരന്തത്തെ അതിജീവിച്ചവർക്ക് മുന്നിൽ സർക്കാരുകൾ മറ്റൊരു ദുരന്തമായി മാറിയാൽ അത് ചോദ്യം ചെയ്യുമെന്ന് പാലക്കാട്ടെ നിയുക്ത എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലും പ്രതികരിച്ചിരുന്നു.

ENGLISH SUMMARY:

Circle Inspector Vinoy from Kalpetta has filed a complaint against Youth Congress State Secretary Jamsheer Pallivayal, alleging that he was threatened through social media.