വൈദ്യുതി നിരക്ക് വര്‍ധന ഉറപ്പായി. അത് എത്രയെന്നേ ഇനി അറിയേണ്ടൂ. ഈ വര്‍ഷം യൂണിറ്റിന് ശരാശരി 30 പൈസ കൂട്ടണമെന്നാണ് കെ.എസ്.ഇ.ബിയുടെ ആവശ്യം. കേന്ദ്ര വൈദ്യുതി നിയമം അനുസരിച്ച് മൂന്നുവര്‍ഷത്തെ നിരക്ക് വര്‍ധനയാണ് കെ.എസ്.ഇ.ബി ആവശ്യപ്പെട്ടത്. അടുത്തവര്‍ഷം 20 പൈസയും 2026–27 സാമ്പത്തികവര്‍ഷം രണ്ടുപൈസയും കൂട്ടണമെന്നാണ് നിര്‍ദ്ദേശം.

വൈദ്യുതി നിരക്ക് യൂണിറ്റിന് കുറഞ്ഞത് പത്തുപൈസയെങ്കിലും കൂടും. വിവിധ താരിഫ് സ്ലാബുകളില്‍ പത്തു പൈസ മുതല്‍ ഇരുപതു പൈസ വരെയായിരിക്കും വര്‍ധനയെന്നാണ് സൂചന. സര്‍ക്കാരിന്‍റെ അഭിപ്രായം കൂടി തേടിയശേഷം നാളെയോ മറ്റെന്നാളോ നിരക്ക് വര്‍ധന റഗുലേറ്ററി കമ്മിഷന്‍ പ്രഖ്യാപിക്കും.

2024-25 ല്‍ 30 പൈസ വര്‍ധിപ്പിക്കാനാണ് കെഎസ്ബിഇ നിര്‍ദ്ദേശം.  വരുമാനം – 811.20 കോടി രൂപ. 2025–26 ല്‍ 20 പൈസയും (വരുമാനം –  549.10 കോടി രൂപ) 2026–27 ല്‍ രണ്ടുപൈസ (വരുമാനം – 53.82 കോടി രൂപ)യുടെയും വര്‍ധന. ഇത് അതേപടി വൈദ്യുതി റഗുലേറ്ററി കമ്മിഷന്‍ അംഗീകരിക്കില്ല. മാത്രമല്ല ഒരുവര്‍ഷത്തെ നിരക്കുമാത്രമെ പ്രഖ്യാപിക്കൂ യൂണിറ്റിന് പത്തുപൈസമുതല്‍ ഇരുപതുപൈസവരെ കൂടുമെന്നാണ് സൂചന. 

അതായത് പ്രതിമാസം 100 യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്നവരുടെ വൈദ്യുത ബില്ല് പത്തുരൂപ കൂടും. ഇപ്പോള്‍ ഒരുയൂണിറ്റിന് ഈടാക്കുന്ന 19 പൈസ സര്‍ചാര്‍ജ് തുടരുമോ അതോ നിരക്ക് വര്‍ധനയ്ക്ക് അനുസരിച്ച് കുറയുമോയെന്നും അറിയണം.

മന്ത്രിസഭ ചേരുന്ന നാളെ  വൈദ്യുതി റഗുലേറ്ററി കമ്മിഷന്‍ മുഖ്യമന്ത്രിയുടെ അഭിപ്രായം തേടുമെന്നാണ് സൂചന. അതിന് ശേഷമാകും ഉത്തരവിറക്കുക. വൈദ്യുതി ഉപയോഗം ഗണ്യമായി കുതിച്ചുയരുന്ന വേനല്‍ക്കാലത്ത് നിലവിലെ നിരക്കിനുപുറമെ യൂണിറ്റിന് പത്ത്പൈസ കൂടി ഈടാക്കാന്‍ അനുവദിക്കണമെന്നും പുതുക്കി നല്‍കിയ അപേക്ഷയില്‍ കെ.എസ്.ഇ.ബിയുടെ ആവശ്യപ്പെട്ടിടുണ്ട്. വേനല്‍ നിരക്കും റഗുലേറ്ററി കമ്മിഷന്‍ അംഗീകരിക്കില്ലെന്നാണ് അറിയുന്നത്.

ENGLISH SUMMARY:

Electricity tariff hikes in Kerala seem inevitable, with the Kerala State Electricity Board (KSEB) seeking an average increase of 30 paise per unit this year. The proposal aligns with the Central Electricity Act, allowing KSEB to plan rate adjustments for three years. For the next fiscal year, KSEB has proposed an increase of 20 paise per unit, followed by a 2 paise hike in the 2026–27 financial year.