തൃപ്പൂണിത്തുറ പൂർണ്ണത്രയീശ ക്ഷേത്രത്തിലെ ആന എഴുന്നള്ളിപ്പിൽ കേസെടുത്ത് വനം വകുപ്പ്. വൃശ്ചികോത്സവത്തിലെ ആന എഴുന്നള്ളിപ്പിൽ ഹൈക്കോടതി മാർഗ നിർദ്ദേശങ്ങൾ പാലിച്ചില്ലെന്ന് കാണിച്ചാണ് സാമൂഹ്യ വനവൽക്കരണ വിഭാഗം കേസെടുത്തത്. എന്നാൽ മാർഗനിർദേശങ്ങൾ പാലിച്ചാണ് എഴുന്നള്ളിപ്പ് നടത്തിയതെന്ന് ഉത്സവാഘോഷ കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.
തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രത്തിലെ വൃശ്ചികോത്സവത്തിൽ തൃക്കേട്ട ദിനത്തിലെ എഴുന്നള്ളിപ്പിന്‍റെ പേരിലാണ് കേസ്. ആനപ്പന്തലിൽ പതിനഞ്ചാനകളെ മൂന്നുമീറ്റർ അകലപരിധി പാലിക്കാതെ നിർത്തിയതിനാണ് വനം വകുപ്പിന്റെ സാമൂഹ്യ വനവൽക്കരണ വിഭാഗം കേസെടുത്തത്. വന്യജീവി സംരക്ഷണ നിയമം, നാട്ടാന പരിപാലന ചട്ടം എന്നിവ പ്രകാരമാണ് കേസ്. കൊച്ചിൻ ദേവസ്വം ബോർഡ് സെക്രട്ടറി, വൃശ്ചികോത്സവാഘോഷ കമ്മിറ്റി ഭാരവാഹികൾ എന്നിവരാണ് പ്രതികൾ. ആനകൾ തമ്മിൽ മൂന്ന് മീറ്റർ അകലവും, ആനകളും ആളുകളും തമ്മിൽ 8 മീറ്റർ അകലവും പാലിച്ചിരുന്നില്ല എന്ന് സോഷ്യൽ ഫോറസ്ട്രി വിഭാഗം പറഞ്ഞു.
എന്നാൽ മാർഗ്ഗ നിർദ്ദേശങ്ങൾ പാലിച്ചാണ് എഴുന്നള്ളിപ്പ് നടത്തിയതെന്ന് ഉത്സവാഘോഷ കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. മഴ പെയ്തതോടെയാണ് ആനകളെ ആനപ്പന്തലിൽ കയറ്റി നിർത്തിയത്. കേസെടുത്ത കാര്യം അറിയില്ലെന്നും ഭാരവാഹികൾ പറഞ്ഞു. ഉത്സവങ്ങളിലെ ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട വിഷയം നാളെയാണ് ഹൈക്കോടതി വീണ്ടും പരിഗണിക്കുന്നത്. മാർഗ നിർദ്ദേശങ്ങൾ ലംഘിച്ചതിൽ കേസെടുത്ത കാര്യം വനം വകുപ്പ് കോടതിയെ അറിയിക്കും. നിയന്ത്രണങ്ങളിൽ ഇളവ് വേണമെന്ന് നേരത്തെ കൊച്ചിൻ ദേവസ്വം ബോർഡടക്കം ആവശ്യപ്പെട്ടിരുന്നെങ്കിലും ഹൈക്കോടതി അനുവദിച്ചിരുന്നില്ല.