വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങ് എടുത്തിട്ടും ശബരിമല ദര്‍ശനത്തിനെത്താത്തവരുടെ എണ്ണം വര്‍ധിക്കുന്നു. പ്രതിദിനം ഇരുപതിനായിരത്തിലേറെ പേര്‍ ബുക്കിങ്ങ് റദ്ദാക്കാതെ പിന്‍മാറുന്നത് മറ്റു ഭക്തന്‍മാര്‍ക്കുള്ള അവസരം നഷ്ടപ്പെടുത്തുന്നു. ഇതോടെ സ്പോട് ബുക്കിങ്ങിന്‍റെ എണ്ണം ദിനംപ്രതി പതിനായിരത്തിനു മുകളിലായി.
ദിനംപ്രതിയുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങിനു എഴുപതിനായിരം പേര്‍ക്കാണ് അവസരം. നേരത്തെ തന്നെ ബുക്കിങ് പൂര്‍ത്തിയായിരുന്നു. എന്നാല്‍ ഇങ്ങനെ ബുക്കിങ് എടുത്തവര്‍ ഇതു റദ്ദാക്കാതെ യാത്രയില്‍ നിന്നു പിന്‍മാറുന്നത് ശബരിമലയിലെത്താനിരിക്കുന്ന മറ്റു ഭക്തരുടെ അവസരം നഷ്ടപ്പെടുത്തുകയാണ്.
വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങ് നോക്കുന്നവര്‍ക്ക് ഫുള്‍ ആണെന്ന മറുപടിയാണ് കിട്ടുന്നത്. കഴിഞ്ഞ രണ്ട് ദിവസം 70,000 പേര്‍ ബുക്കിങ്ങ് എടുത്തെങ്കിലും ദര്‍ശനത്തിനായി എത്തിയവര്‍ യഥാക്രമം 39612, 38679 എന്നിങ്ങനെയാണ്. അതായത് ദിനംപ്രതി ഇരുപതിനായിരത്തിലേറെപ്പേരാണ് ഓരോ ദിവസവും ബുക്കിങ്ങ് എടുത്തിട്ടും സന്നിധാനത്ത് എത്താത്തതെന്നര്‍ഥം.
ഇതോടെ സ്പോട് ബുക്കിങ്ങ് പതിനായിരം പേരെന്നാണ് ദേവസ്വം ബോര്‍ഡ് അറിയിച്ചിരുന്നതെങ്കിലും എണ്ണം ചില ദിവസങ്ങളില്‍ പതിനയ്യായിരവും കവിഞ്ഞു ബുക്കിങ് അനുവദിച്ചത്. വെള്ളിയാഴ്ച സ്പോട് ബുക്കിങ് 15,094 ആയിരുന്നു. എന്നാല്‍ ഇതര സംസ്ഥാനത്തുള്ളവര്‍ കൂടുതലും വെര്‍ച്വല്‍ ക്യൂ ബുക്കിങ് എടുത്തു വരുന്നവരാണ്.