വടക്കൻ മലബാറിലെ തിറയാട്ടം കണ്ടിട്ടില്ലേ. തെയ്യങ്ങളെ പോലെ വയനാട്ടിലെ ഗ്രാമങ്ങളിൽ ഇപ്പോൾ തിറയാട്ടത്തിന്റെ കാലമാണ്. ഭഗവതിയും മലക്കാരിയും ഗുളികനും കുട്ടിച്ചാത്തനും വസൂരമാലിയും ഒക്കെ ചേർന്ന വയനാടൻ തിറയാട്ടം കാണാൻ ദൂരദേശത്തു നിന്ന് വരെ ആളുകളെത്താറുണ്ട്.
വയനാട്ടിലിത് തിറയാട്ടകാലമാണ്. തണുത്ത കാലാവസ്ഥയില്‍ നാടു നാട്ടുകാരും ഒത്തൊരുമിക്കുന്ന കാലം. ദേവതകളുടെയും മണ്‍മറഞ്ഞു പോയ വീരയോദ്ധാക്കളുടെയും കോലം കെട്ടിയാടുന്ന അനുഷ്‌ഠാന കലാരൂപത്തിന്‍റെ കാലം. നടവയല്‍ പേരൂര്‍ പരദേവത ക്ഷേത്രത്തിലാണീ തിറോൽസവം. കുരുത്തോലയും പാളയും ചിരട്ടയും മുളയും വെച്ച് കോലങ്ങൾ ഒരുങ്ങി തുടങ്ങുകയാണ്. നിറങ്ങൾ വെച്ച് ദൈവച്ചമയങ്ങൾ ഒരുങ്ങുകയാണ്. മണിക്കൂറുകളോളം നീളുന്ന ഏകാഗ്രതയുള്ള ചായമിടല്‍.
ഭഗവതിയും മലക്കാരിയും ഗുളികനും കുട്ടിച്ചാത്തനും വസൂരമാലിയും ഒക്കെയുണ്ട് ഈ മലനാട്ടിൽ. രാവും പകലുമൊക്കെ ആട്ടമുണ്ടാകും. ധനു മാസത്തിൽ തുടങ്ങി മേടം വരെ നീളുന്ന തിറയാട്ടത്തിന് ജില്ലയിലെ പലയിടങ്ങളും സാക്ഷിയാകും. ദേവത സങ്കല്‍പങ്ങളിലുള്ള കാവുകളും തറവാട്ടുസ്ഥാനങ്ങളുമൊക്കെ വേദിയാകും.. ഭഗവതി തിറയ്ക്കാണ് ജില്ലയിൽ മുൻതൂക്കം. ചെണ്ടക്കൊപ്പം ചുറ്റും കൂടി നില്‍ക്കുന്നവരുടെ ആര്‍പ്പുവിളിയുടെ ആരവത്തിൽ തിറക്കോലം ഉറഞ്ഞു തുള്ളും. ഭക്തർക്ക് അനുഗ്രഹങ്ങളും അരുളപ്പാടുകളും നൽകും.
തെയ്യങ്ങളെ പൊലെ വൃതമെടുത്താണ് തിറയാട്ടത്തിനും ഒരുങ്ങുക. ഒരു നേരം അരിയാഹാരം കഴിച്ച് തിറയാടാന്‍ ഓരോരുത്തരും മനസും ശരീരവും നേരത്തെ മുതല്‍ പാകമാക്കും. മനുഷ്യനും പ്രകൃതിയും ദൈവവും ഒന്നാകുന്ന ഉല്‍സവമെന്നാണ് തിറയെ വിശേഷിപ്പിക്കുക. മേട മാസം കഴിയുന്നത് വരെ ചെണ്ടയുടെ മുഴക്കങ്ങളായിരിക്കും വയനാട്ടിലെ ഗ്രാമങ്ങളില്‍. രാവും പകലും അതാസ്വാദിക്കാനെത്തുന്നവരുടെ കൂട്ടമായിരിക്കും എങ്ങും.