തൃപ്പൂണിത്തുറ ശ്രീപൂർണത്രയീശ ക്ഷേത്രത്തിലെ വൃശ്ചികോത്സവത്തോടനുബന്ധിച്ചുള്ള ആനയെഴുന്നെള്ളിപ്പിൽ അതിരൂക്ഷ വിമർശനവുമായി ഹൈക്കോടതി. മാർഗനിർദേശങ്ങൾ പാലിക്കാത്തതിന് കോടതിയലക്ഷ്യ നടപടി എടുക്കാതിരിക്കാൻ കാരണങ്ങളുണ്ടെങ്കിൽ ബോധിപ്പിക്കാൻ ദേവസ്വം ഓഫീസർക്ക് കോടതി നിർദ്ദേശം നൽകി. മതത്തിന്റെ പേരിൽ എന്തും ആകാമെന്ന് കരുതരുതെന്നും, ജനങ്ങളുടെ സുരക്ഷയെക്കരുതിയാണ് മാർഗനിർദേശങ്ങളെന്നും കോടതി ഓർമിപ്പിച്ചു. വിഡിയോ റിപ്പോര്‍ട്ട് കാണാം.
മാർഗനിർദ്ദേശങ്ങൾ പാലിക്കാതെയാണ് തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രത്തിൽ തൃക്കേട്ട ദിനത്തിലെ എഴുന്നള്ളിപ്പ് നടന്നതെന്നായിരുന്നു ജില്ലാ കലക്ടർ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ട്. വനം വകുപ്പിന്റെ നിർദ്ദേശം ദേവസ്വം ഓഫീസർ പാലിച്ചില്ലെന്നും, കേസെടുത്തതായും റിപ്പോർട്ടിലുണ്ടായിരുന്നു. തുടർന്നാണ് എന്ത് കാരണത്താലാണ് മാർഗനിർദേശങ്ങൾ പാലിക്കാതിരുന്നത് എന്ന് ദേവസ്വം ഓഫീസർ വിശദീകരണം നൽകാൻ കോടതി നിർദേശിച്ചത്. കോടതിയലക്ഷ്യ നടപടി സ്വീകരിക്കാതിരിക്കാനുള്ള കാരണങ്ങൾ വ്യക്തമാക്കാനും ജസ്റ്റിസുമാരായ എ.കെ.ജയശങ്കരൻ നമ്പ്യാർ, പി.ഗോപിനാഥ് എന്നിവരുടെ ഡിവിഷൻ ബെഞ്ച് ആവശ്യപ്പെട്ടു.
കോടതിയോട് നേരിട്ടുള്ള വെല്ലുവിളിയാണ് ക്ഷേത്രം ഭാരവാഹികൾ ചെയ്തതെന്ന് ഡിവിഷൻ ബെഞ്ച് അഭിപ്രായപ്പെട്ടു. മഴ വന്നപ്പോഴാണ് 15 ആനകളേയും ആനക്കൊട്ടിലിലേക്ക് മാറ്റി അകലമിടാതെ നിർത്തിയതെന്ന വിശദീകരണം ഉൾക്കൊള്ളാൻ ബുദ്ധിമുട്ടുണ്ട്. മേൽക്കൂരയുള്ള സ്ഥലം കുറവാണെങ്കിൽ ആനകളെ കുറയ്ക്കുകയാണ് വേണ്ടത്. ജനങ്ങളുടെ സുരക്ഷയെ കരുതിയാണ് മാർഗനിർദേശങ്ങൾ പാലിക്കണമെന്ന് പറയുന്നത്. മതത്തിന്റെ പേരിൽ എന്തും ആകാം എന്നു കരുതരുത്.
വന്യജീവി സംരക്ഷണ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുന്നത് എന്നതിനാൽ ഇത് ലംഘിക്കപ്പെട്ടാൽ ജാമ്യമില്ലാ കുറ്റം ചുമത്തപ്പെടും. ആനകളെ എഴുന്നള്ളിക്കാൻ നൽകിയ അനുമതി പിൻവലിക്കാനും കഴിയുമെന്നും കോടതി മുന്നറിയിപ്പ് നൽകി. മാർഗനിർദേശങ്ങൾ പാലിച്ചാണ് എഴുന്നള്ളിപ്പെന്ന് ഉറപ്പു വരുത്താനും, ലംഘിച്ചാൽ കർശന നടപടി എടുക്കാനും ഓൺലൈനിൽ ഹാജരായ ജില്ലാ കലക്ടർക്ക് കോടതി നിർദേശം നൽകി.