സ്മാര്‍ട്ട് സിറ്റിയില്‍നിന്ന് ഭൂമി തിരിച്ചെടുക്കാനുള്ള തീരുമാനത്തില്‍  ദുരൂഹതയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. ഭൂമി സ്വന്തക്കാര്‍ക്ക് നല്‍കാനാണ് ശ്രമം, ആരുടെ ഭാഗത്താണ് വീഴ്ചയെന്ന് വ്യക്തമാക്കണം. ടീകോമിന്‍റെ ഭാഗത്താണ് വീഴ്ചയെങ്കില്‍ അവരില്‍നിന്ന് നഷ്ടപരിഹാരം ഈടാക്കണം. അവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിന്‍റെ അര്‍ത്ഥം സര്‍ക്കാരിന് വീഴ്ചപറ്റിയെന്നാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. 

കൊച്ചി സ്മാര്‍ട്ട് സിറ്റി പദ്ധതിക്കായി ദുബായ് കമ്പനിയായ  ടീകോമിന് പാട്ടത്തിന് നല്‍കിയ ഭൂമി തിരിച്ചുപിടിക്കാന്‍ സര്‍ക്കാര്‍. 246 ഏക്കര്‍ ഭൂമി തിരിച്ചുപിടിക്കാനും ടീകോം നടത്തിയ നിക്ഷേപങ്ങള്‍ കണക്കാക്കി നഷ്ടപരിഹാരം നല്‍കാനും  മന്ത്രിസഭായോഗം തീരുമാനിച്ചു. കേരളത്തില്‍ ഏറെ രാഷ്ട്രീയ വിവാദമുണ്ടാക്കിയ പദ്ധതിയാണ് ഇല്ലാതെയാവുന്നത്. Also Read: സ്മാര്‍ട്ട് സിറ്റി: ടീക്കോമിനെതിരെ നടപടി വേണം; വന്‍ അഴിമതിയെന്ന് ചെന്നിത്തല...

കേരളത്തിലെ ഏറ്റവും വലിയ ഐടി ക്യാംപസ് എന്ന് സ്വപ്ന പദ്ധതി യഥാര്‍ത്ഥ്യമാക്കാനാകാതെ കൊച്ചി സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ നിന്ന് പിന്‍മാറാന്‍ തീരുമാനിച്ചതോടെയാണ് സര്‍ക്കാര്‍ ഇതേപ്പറ്റി പരിശോധിക്കാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതിയെ ചുമതലപ്പെടുത്തിയത്. ഈ സമിതിയുടെ നിര്‍ദേശം അംഗീകരിച്ചാണ് ദുബായ് കമ്പനിയായ ടീക്കോമിന് നല്‍കിയ 246 ഏക്കര്‍ പാട്ട ഭൂമി തിരിച്ചുപിടിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചത്. 

ടീകോം സ്മാര്‍ട്ട് സിറ്റിയില്‍ നടത്തിയ നിക്ഷേപങ്ങള്‍ പരിശോധിച്ച് അവര്‍ക്് നല്‍കേണ്ട നഷ്ടപരിഹാരതുക നിശ്ചയിക്കാന്‍ ഇവാല്യൂവേറ്ററെ ചുമതലപ്പെടുത്തും. ടീകോമുമായി ചര്‍ച്ച നടത്തി പരസ്പരയോജിപ്പോടെയുള്ള പിന്‍മാറ്റനയം  രൂപീകരിക്കും. ഇക്കാര്യങ്ങളില്‍ ശുപാര്‍ശ നല്‍കാന്‍ ഐടി മിഷന്‍ ഡയറക്ടറും ഇന്‍ഫോപാര്‍ക്ക് സിഇഒ  ഉള്‍പ്പടെയുള്ള സമിതിയെ സര്‍ക്കാര്‍ ചുമതലപ്പെടുത്തി. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ യഥാര്‍ത്ഥ്യമാക്കാന്‍ തുടങ്ങിയ പദ്ധതിയെ അതിലെ വ്യവസ്ഥകള്‍ ചൂണ്ടിക്കാട്ടി ഇടതുപക്ഷം എതിര്‍ത്തിരുന്നു.

ഒടുവില്‍ വ്യവസ്ഥകളില്‍ ഭേദഗതി വരുത്തി  2011 ഫെബ്രുവരിയില്‍ വി എസ് അച്യുതാനന്ദന്‍ സര്‍ക്കാര്‍ കരാര്‍ ഒപ്പുവെയ്ക്കുമ്പോള്‍ പത്തുവര്‍ഷം കൊണ്ട് തൊണ്ണൂറായിരം തൊഴില്‍ അവസരങ്ങള്‍  ആയിരുന്നു വാഗ്ദാനം ചെയ്തത്. എന്നാല്‍ 13 വര്‍ഷമായിട്ടും ഒന്‍പതിനായിരം പേര്‍ക്ക് പോലും ജോലി നല്‍കാനായില്ല. പദ്ധതി വിജയിപ്പാക്കാന്‍ ടീക്കോമിനായില്ലെന്നതാണ് പിന്‍മാറ്റത്തിന് അവരെ പ്രേരിപ്പിച്ചത്. തിരിച്ചുപിടക്കുന്ന ഭൂമി ഉചിതമായ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.

ENGLISH SUMMARY:

Opposition leader V.D. Satheesan said there is mystery in the decision to withdraw from the Smart City