കാസർകോട് നഴ്സിങ് വിദ്യാർഥിനിയുടെ ആത്മഹത്യാ ശ്രമത്തിൽ ഒടുവിൽ കേസെടുത്ത് പൊലീസ്. കോളജ് ഹോസ്റ്റൽ വാർഡനെതിരെ പെൺകുട്ടിയുടെ അമ്മയുടെ പരാതിയിലാണ് കേസെടുത്തത്. വനിതാ കമ്മീഷനും സംഭവത്തിൽ ഇടപെട്ടു. അതിനിടെ, ഇന്നലെയുണ്ടായ പൊലീസ് ലാത്തിചാർജിനെതിരെ യുവജനസംഘടനകൾ പ്രതിഷേധിച്ചു.
മാനസിക പീഡനത്തെ തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ച വിദ്യാർഥിനിയുടെ മൊഴി രേഖപ്പെടുത്തിയില്ല എന്ന കാരണം പറഞ്ഞ് കേസെടുക്കുന്നത് വൈകിപ്പിക്കുകയായിരുന്നു ഇതവരെ പൊലീസ് ചെയ്തത്. അതിനിടെ കുട്ടിയുടെ അമ്മ ഇന്നലെ പരാതി നൽകി. ഇതോടെ കേസെടുക്കേണ്ടി വന്നു. ആത്മഹത്യാ ശ്രമത്തിന് കാരണം ഹോസ്റ്റലിൽ വൈകിയത്തിയപ്പോൾ പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയതാണെന്നാണ് FIR ൽ പറയുന്നത്. സംഭവത്തിൽ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു.. 15 ദിവസത്തിനകം റിപ്പോർ നൽകാൻ ജില്ലാ പൊലീസ് മോധാവിക്ക് നിർദേശം നൽകി. കമ്മീഷനംഗം കുഞ്ഞായിഷ ഹോസ്റ്റലിലെത്തി വിദ്യാര്‍ഥികളുടെ മൊഴിയെടുത്തിട്ടുണ്ട്. ഇന്നും ശക്തമായ പ്രതിഷേധമാണ് കാഞ്ഞങ്ങാട്ടുണ്ടായത്. ഇന്നലെയുണ്ടായ പ്രതിഷേധത്തിലെ പൊലീസ് ലാത്തി ചാർജിനെതിരെ Dysp ഓഫിസിലേക്കായിരുന്നു മാർച്ച്. DyFI യും യൂത്ത് കോൺഗ്രസുമാണ് പ്രതിഷേധിച്ചത്. ഇന്നലത്തേതിൽ നിന്ന് വ്യത്യസ്തമായി, സംയമനം പാലിച്ച പൊലീസ് ജലപീരങ്കി മാത്രമേ പ്രയോഗിച്ചുള്ളൂ..
തീവ്രവാദ ഗ്രൂപ്പുകളിൽ നിന്ന് പണം വാങ്ങിയാണ് Dysp പ്രതിഷേധക്കാരെ അടിച്ചമർത്തിയതെന്നും തെരുവിൽ നേരിടുമെന്നും Dyfi ജില്ലാ സെക്രട്ടറി പറഞ്ഞു. കോഴ ആരോപണം കോൺഗ്രസും ആവർത്തിച്ചു. മാനേജ്മെന്റിനും വാർഡനുമെതിരെ കൊലക്കുറ്റം ചുമത്തണമെന്നും DCC പ്രസിഡന്റ് ആവശ്യപ്പെട്ടു. ആത്മഹത്യക്ക് ശ്രമിച്ച പെൺകുട്ടി മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ തുടരുകയാണ്.