ചൂരല്‍മലയിലെയും മുണ്ടക്കൈയിലെയും ദുരിത ബാധിതര്‍ക്ക് വീടുകള്‍ വാഗ്ദാനം ചെയ്തവരെ ഇനിയും ബന്ധപ്പെടാതെ സര്‍ക്കാര്‍. വീടുകള്‍ നിര്‍മിച്ച് നല്‍കാമെന്ന് വാഗ്ദാനം നല്‍കിയവരുടെ പട്ടിക പോലും സര്‍ക്കാരിന്‍റെ കൈവശമില്ലെന്നാണ് ആക്ഷേപം. നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ ഇനിയും സര്‍ക്കാരിനെ കാത്തുനില്‍ക്കാനാകില്ലെന്ന് മുസ്ലിം ലീഗ് വ്യക്തമാക്കി. വീട് നിര്‍മാണം തുടങ്ങുന്നതിന്‍റെ കാര്യങ്ങള്‍ സംസാരിക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയനെയും മന്ത്രി കെ.രാജനെയും ഓഫിസില്‍ പോയി കണ്ടിരുന്നു. ഇനി സ്വന്തം വഴി തേടേണ്ടി വരുമെന്നും പി.കെ കുഞ്ഞാലിക്കുട്ടി മനോരമന്യൂസ് ലൈവത്തണില്‍ പറഞ്ഞു. 100 വീടുകളാണ് ലീഗ് നിര്‍മിക്കാമെന്ന് വാഗ്ദാനം ചെയ്തത്. ദുരന്തമേഖലയില്‍ ധനസഹായ വിതരണവും നടത്തിയിരുന്നു.
വയനാട് മുണ്ടക്കൈ - ചൂരൽമല ഉരുൾപൊട്ടൽ ദുരന്തമുണ്ടായിട്ട് മാസങ്ങൾ പിന്നിട്ടെങ്കിലും ദുരന്തബാധിതരുടെ ആശങ്കയ്ക്കു ഒട്ടും കുറവില്ല. തീരാത്ത വേദനകൾക്കിടയിലും സാമ്പത്തിക ബുദ്ധിമുട്ട് കൂടി അനുഭവിക്കുന്നുണ്ട് മിക്ക ദുരന്തബാധിതരും. സർക്കാർ നൽകി വന്ന 9000 രൂപ ജീവനാംശ വിതരണം തുടരണമെന്ന ആവശ്യം ജനങ്ങളും ജനപ്രതിനിധികളും ഒരുപോലെ ഉന്നയിക്കുന്നു.