ഒരു രാത്രി ഇരുണ്ട് വെളുത്തപ്പോള്‍ പന്തളം കുരമ്പാല സ്വദേശിയായ രാജേഷിനും കുടുംബത്തിനും വീടില്ലാതായി. നിയന്ത്രണം വിട്ട ലോറിയാണ് വീട് തകര്‍ത്തത്. എം.സി.റോഡില്‍ ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ ഉണ്ടാവുന്ന മേഖലയില്‍ ഭയന്നാണ് കഴിഞ്ഞിരുന്നതെന്ന് രാജേഷ് പറയുന്നു. ചികില്‍സയിലുള്ള മക്കള്‍ തിരിച്ചു വരുമ്പോള്‍ എങ്ങോട്ട് പോകുമെന്നോര്‍ത്താണ് ആശങ്ക.
തിരിച്ചെടുക്കാന്‍ ഒന്നുമില്ലാത്ത വിധം വീട് തകര്‍ന്ന് തരിപ്പണമായി.കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെയാണ് കാലിത്തീറ്റ കയറ്റി വന്ന ലോറി നിയന്ത്രണം വിട്ട് വീടിന് മുകളില്‍ വീണത്. എല്ലാവരും അടുക്കളഭാഗത്തായത് കൊണ്ട് മാത്രം ജീവന്‍ തിരിച്ചു കിട്ടി.
നട്ടെല്ലിന് പരുക്കേറ്റ ഇളയമകള്‍ മീനാക്ഷിയും, കാലൊടിഞ്ഞ മൂത്തമകള്‍ മീരയും കോട്ടയം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ്. രാജേഷിനും, ഭാര്യ ദീപയ്ക്കും ദേഹം മുഴുവന്‍ പരുക്കുണ്ട്. രാജേഷിന് ജോലിക്കു പോകാന്‍ കഴിയാതായി.. മക്കളുടെ പുസ്തകങ്ങളും വസ്ത്രങ്ങളും അടക്കം എല്ലാം നഷ്ടപ്പെട്ടുകഴിഞ്ഞു.
നിലവില്‍ ബന്ധുവീട്ടിലാണ് താമസം. ശുചിമുറി പോലുമില്ലാത്ത അവസ്ഥയിലാണ്. ആശുപത്രിയില്‍ നിന്ന് വിട്ടാല്‍ മക്കളെ എങ്ങോട്ട് കൊണ്ടുപോകുമെന്ന ആശങ്ക വളരുകയാണ്. വീട് പുനര്‍ നിര്‍മാണത്തിന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.