വയനാടിനുള്ള സഹായത്തില്‍ കുറ്റം പറയുന്നത് നിര്‍ത്തി, കൃത്യമായ കണക്കുകള്‍ ഹാജരാക്കൂവെന്ന് സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി.  സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ ബാക്കിയുള്ള തുകയിൽ എത്ര ചിലവഴിക്കാൻ കഴിയുമെന്ന ചോദ്യത്തിന് മറുപടി നൽകാൻ സർക്കാരിനായില്ല. എന്തുകൊണ്ടാണ് ഈ കണക്കുകൾ ഇല്ലാത്തതെന്ന് ആരാഞ്ഞ കോടതി, ആരെയാണ് വിഡ്ഢികളാക്കാൻ നോക്കുന്നതെന്നും വിമർശിച്ചു. സംസ്ഥാനത്തിന് അനുവദിച്ച തുകയുടെ കണക്ക് കേന്ദ്ര സർക്കാർ കോടതിയിൽ സമർപ്പിച്ചു.

വയനാടിനായി പ്രത്യേക സാമ്പത്തിക സഹായം സംബന്ധിച്ച് കേന്ദ്ര–സംസ്ഥാന സർക്കാരുകൾ തമ്മിൽ തർക്കം നിലനിൽക്കുന്ന സാഹചര്യത്തിൽ കൃത്യമായ കണക്കുകൾ ഹാജരാക്കാൻ ഇരുകൂട്ടർക്കും ഹൈക്കോടതി ഇന്നലെ നിർദേശം നൽകിയിരുന്നു. ഇതിൻ്റെ ഭാഗമായാണ് ദുരന്തനിവാരണ അതോറിറ്റി ഫിനാൻസ് ഓഫീസർ കോടതിയിൽ ഹാജരായത്. എന്നാൽ കണക്കിൽ തപ്പി തടഞ്ഞതോടെ ഡിവിഷൻ ബെഞ്ച് സ്വരം കടുപ്പിച്ചു. എ‍‍സ്ഡിആർഎഫിൽ 677 കോടി രൂപ ഉണ്ടെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. ഇതിൽ എത്ര ചിലവഴിക്കാൻ സാധിക്കും, എന്തൊക്കെയാണ് കൊടുക്കാമെന്ന് പറഞ്ഞിട്ടുള്ള തുക, മറ്റ് ബാധ്യതകൾ എന്തൊക്കെ എന്നൊക്കെ കോടതി ചോദിച്ചെങ്കിലും സർക്കാരിന്റെ പക്കൽ കണക്കുണ്ടായിരുന്നില്ല. 

എന്തുകൊണ്ടാണ് ഈ കണക്കുകൾ ഇല്ലാത്തതെന്ന് കോടതി ആരാഞ്ഞു. ആരെയാണ് വിഡ്ഢികളാക്കാൻ നോക്കുന്നത്. ഇത്രയധികം പേർ മരിച്ച ദുരന്തമാണ്. അവരെക്കൂടി അപമാനിക്കരുത്. എത്ര പണമുണ്ട്, എങ്ങനെയെല്ലാം ചിലവഴിക്കുന്നു എന്നൊക്കെ കണക്കുണ്ടെങ്കിൽ മാത്രമേ കേന്ദ്രത്തിൽ നിന്ന് പോരാതെ വരുന്ന തുക ചോദിക്കാൻ സാധിക്കൂ. അതുകൊണ്ട് ആദ്യം സംസ്ഥാനത്തിന്റെ കണക്കുകൾ ശരിയാക്കാൻ നിർദേശിച്ച കോടതി ഓഡിറ്റിംഗിൽ അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു.  വ്യാഴാഴ്ചകം കണക്കുകളിൽ വ്യക്തത വരുത്താനാണ് സംസ്ഥാന സർക്കാരിന് നിർദേശം.  

അതിനിടെ, സംസ്ഥാനത്തിന് അനുവദിച്ച തുകയിൽ വ്യക്തത വരുത്തി കേന്ദ്രസർക്കാർ സത്യവാങ്മൂലം സമർപ്പിച്ചു. ഈ വര്‍ഷത്തെ കേന്ദ്ര സര്‍ക്കാരിന്റെ വിഹിതം ആകെ 291 കോടി രൂപയാണെന്നും, ഇത് 145.6 കോടി രൂപ വീതം രണ്ട് തവണയായി നല്‍കിയെന്നുമാണ് കേന്ദ്രസർക്കാർ വ്യക്തമാക്കിയത്. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ അനുവദിച്ചത് 153.46 കോടി രൂപയെന്നും സത്യവാങ്മൂലത്തിലുണ്ട്

ENGLISH SUMMARY:

Stop blaming; accurate figures when asking for central assistance: High Court