വയനാട് ചേകാടിയില്‍ നിയമം കാറ്റില്‍പറത്തി നിര്‍മിച്ച കുതിരഫാമിനെ പറ്റി ഉടന്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സബ്കലക്ടര്‍ക്ക് റവന്യൂമന്ത്രിയുടെ നിര്‍ദേശം. മനോരമന്യൂസ് വാര്‍ത്തയെ തുടര്‍ന്നാണ് വകുപ്പ് മന്ത്രിയുടെ ഇടപെടല്‍. ഫാമിനെതിരെ നടപടി സ്വീകരിക്കുമെന്നാണ് മന്ത്രിയുടെ ഉറപ്പ്.
പുല്‍പ്പള്ളിക്കടുത്ത് ചേകാടിയില്‍ ഏക്കര്‍കണക്കിനു വയല്‍ നികത്തി നിര്‍മിച്ച കുതിരഫാം. അതിനെതിരെ മനോരമന്യൂസ് തുടര്‍ച്ചയായി നല്‍കിയ വാര്‍ത്തയിലാണ് റവന്യൂമന്ത്രി കെ.രാജന്‍റെ ഇടപെടല്‍. ഫാമിനെ പറ്റി ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സബ്കലക്ടര്‍ മിസല്‍ സാഗര്‍ ഭരതിന് മന്ത്രിയുടെ നിര്‍ദേശം
ഫാമിനു അനുമതിയുണ്ടോ, ഇല്ലെങ്കില്‍ എന്തു നടപടിയെടുത്തു, നടപടിയെടുക്കാന്‍ വൈകിയോ എന്നീ കാര്യങ്ങളില്‍ വിശദീകരണം ചോദിക്കും. നിയമലംഘനം ബോധ്യപ്പെട്ടിട്ടും ഉദ്യോഗസ്ഥര്‍ കുറ്റകരമായ മൗനം തുടരുന്നതിനിടെയാണ് മന്ത്രിയുടെ ഇടപെടല്‍
ഫാം പൊളിച്ചു മാറ്റാന്‍ ബത്തേരി തഹസിര്‍ദാര്‍ക്ക് നിര്‍ദേശം നല്‍കിയെന്നാണ് ജില്ലാ കലക്ടര്‍ അറിയിച്ചത്. എന്നിട്ടും നടപടിയെടുക്കാത്തതിലാണ് പ്രദേശവാസികള്‍ക്കും കര്‍ഷകര്‍ക്കുമിടയില്‍ അമര്‍ഷം ശക്തമാകുന്നത്. മന്ത്രി രാജന്‍റെ ഇടപെടലില്‍ പ്രതീക്ഷയിലാണ് ചേകാടി എന്ന നാട് തന്നെ