ശബരിമലയില്‍ നടന്‍ ദിലീപിന് വിഐപി പരിഗണന നല്‍കിയെന്ന ആക്ഷേപത്തില്‍ നാല് ദേവസ്വം ഉദ്യോഗസ്ഥര്‍ക്ക് നോട്ടിസ്. ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചയുണ്ടായതായി കണ്ടെത്തിയെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത് പറഞ്ഞു. വിശദീകരണം കേട്ടശേഷം തുടര്‍നടപടി സ്വീകരിക്കും. കുറച്ച് നേരത്തേക്ക് ദര്‍ശനം തടസ്സപ്പെട്ടെന്ന് വിജിലന്‍സ് കണ്ടെത്തി. അഡ്മിനിസ്ട്രേറ്റീവ് ഓഫിസര്‍,എക്സിക്യൂട്ടിവ് ഓഫിസര്‍, രണ്ട് ഗാര്‍ഡുമാര്‍ എന്നിവര്‍ക്കാണ് നോട്ടിസ്.
ദിലീപിന്റെ വി.ഐ.പി ദർശനത്തിൽ ദേവസ്വം ബോർഡിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം നേരിടേണ്ടി വന്നിരുന്നു. ഹരിവരാസന സമയത്ത് മറ്റുള്ളവർക്ക് ദർശനം വേണ്ടേ എന്ന് ചോദിച്ച കോടതി ദിലീപ് നിന്നതുകൊണ്ട് ആർക്കും മുന്നോട്ട് പോകാനായില്ലെന്ന് വിമർശിച്ചു. കാര്യങ്ങൾ നിയന്ത്രിക്കേണ്ടതിന്റെ ഉത്തരവാദിത്വം ദേവസ്വം ബോർഡിന് ആണെന്ന് കോടതി ഓർമിപ്പിച്ചു
ശ്രീകോവിലിന് മുന്നിൽ നിൽക്കുന്ന ആൾ വിഐപി ആണെങ്കിൽ പിന്നിൽ നിൽക്കുന്നവർക്ക് ദർശനം സാധിക്കില്ല. ഇത് അനുവദിക്കാനാവില്ലെന്ന് കോടതി പറഞ്ഞു. ദിലീപ് നിന്നതു കൊണ്ട് ആർക്കും മുന്നോട്ട് പോകാനായില്ല. ഹരിവരാസന സമയത്ത് പരമാവധി ഭക്തര്‍ക്ക് ദര്‍ശനം നല്‍കാനാണ് ശ്രമിക്കേണ്ടത്. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ദര്‍ശനത്തിന് മതിയായ സൗകര്യം ലഭിക്കണം. ഇക്കാര്യം നിയന്ത്രിക്കേണ്ടത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഉത്തരവാദിത്തമെന്നും ഹൈക്കോടതി ഓർമിപ്പിച്ചു. തുടർന്ന് സോപാനത്തെ സിസിടിവി ദൃശ്യങ്ങൾ പെൻഡ്രൈവിലാക്കി ഹാജരാക്കാൻ ജസ്റ്റിസുമാരായ അനിൽ.കെ.നരേന്ദ്രൻ, എസ്.മുരളീകൃഷ്ണ എന്നിവരുടെ ദേവസ്വം ബെഞ്ച് നിർദേശിച്ചു. വിഷയം തിങ്കളാഴ്ച കോടതി വീണ്ടും പരിഗണിക്കും. അന്ന് വിശദമായ സത്യവാങ്മൂലം നൽകാനും ദേവസ്വം ബോർഡിന് നിർദ്ദേശമുണ്ട്