എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ദുരൂഹതയെന്ന് പി.വി.അന്‍വര്‍. ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലും ക്രമക്കേട് നടത്തി. കുടുംബത്തെ അറിയിക്കുന്നതിന് മുന്‍പ് ഇന്‍ക്വസ്റ്റ് നടത്തി. അഴ കെട്ടുന്ന 0.5 സെ.മീ. വണ്ണമുള്ള കയറില്‍ തൂങ്ങി മരിച്ചു എന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. 55കിലോ ഭാരമുള്ള മനുഷ്യന്‍ ഈ കയറില്‍ തൂങ്ങിമരിച്ചുവെന്നത് അവിശ്വസനീയമാണ്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശി സമ്മര്‍ദം ചെലുത്തിയോ എന്ന് സംശയമുണ്ട്. കേസില്‍ കക്ഷിചേരുമെന്നും പി.വി.അന്‍വര്‍ ഡല്‍ഹിയില്‍ പറഞ്ഞു
Read Also: നവീന്‍ ബാബുവിന്റെ അടിവസ്ത്രത്തില്‍ രക്തക്കറ; നിര്‍ണായക വെളിപ്പെടുത്തല്‍
നവീന്‍ ബാബുവിന്റെ അടിവസ്ത്രത്തില്‍ രക്തക്കറ ഉണ്ടായിരുന്നെന്ന പൊലീസ് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് ഇന്നു പുറത്തുവന്നിരുന്നു. നവീന്‍ ബാബുവിന്റെ മരണവിവരം പുറത്തു വന്ന ഒക്ടോബര്‍ 15-ന് രാവിലെ കണ്ണൂര്‍ ടൗണ്‍ പൊലീസ് തയാറാക്കിയ റിപ്പോര്‍ട്ടിലാണ് ഈ പരാമര്‍ശമുള്ളത്. എന്നാല്‍ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ രക്തക്കറയുടേയോ പരുക്കിന്റേയോ പരാമര്‍ശങ്ങളില്ല
അതേസമയം, നവീന്‍ ബാബുവിന്‍റെ ഇന്‍ക്വസ്റ്റിന് സഹോദരന്‍ അനുമതി നല്‍കിയെന്ന പൊലീസ് സത്യവാങ് മൂലം നുണയെന്ന ആരോപണവുമായി കുടുംബം രംഗത്തെത്തി. ഇന്‍ക്വസ്റ്റ് അറിഞ്ഞിട്ടില്ല. പോസ്റ്റ്മോര്‍ട്ടം പരിയാരം മെഡിക്കല്‍ കോളജില്‍ നിന്ന് മാറ്റണമെന്ന് കലക്ടറോട് ആവശ്യപ്പെട്ടിരുന്നതായും ബന്ധു അനില്‍ പി നായര്‍ പറഞ്ഞു. മരണത്തില്‍ ദുരൂഹതയില്ലെന്ന പൊലീസ് സത്യവാങ് മൂലത്തിന് പിന്നാലെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടും പുറത്തുവന്നു.
നവീന്‍ ബാബുവിന്‍റെ പോസ്റ്റ് മോര്‍ട്ടത്തിന് മുന്‍പാണ് പൊലീസും കലക്ടറും കുടുംബത്തെ ബന്ധപ്പെട്ടത്. ഇന്‍ക്വസ്റ്റ് കഴിഞ്ഞു എന്ന അറിയിപ്പാണ് കിട്ടിയത്. ഇന്‍ക്വസ്റ്റിന് ബന്ധുക്കള്‍ ആവശ്യമില്ല എന്ന പൊലീസ് വാദം ശരിയല്ല എന്നും അഭിഭാഷകന്‍ കൂടിയായ അനില്‍ പി നായര്‍ പറഞ്ഞു.