ഹേമ കമ്മിറ്റി റിപ്പോര്‍ടിലെ ഒഴിവാക്കിയ ഭാഗങ്ങള്‍ പുറത്തുവിടണമെന്ന അപ്പീലില്‍ വിവരാവകാശ കമ്മിഷന്‍റെ ഉത്തരവ് വൈകും. വിവരാവകാശകമ്മിഷണര്‍ അടുത്ത വെള്ളിയാഴ്ചയേ ഇനി തലസ്ഥാനത്ത് മടങ്ങിയെത്തുകയുള്ളു. മാത്രമല്ല ഇന്നലെ പരാതി നല്‍കിയാളുടെ ഭാഗം കൂടി കേട്ടശേഷമേ അന്തിമ ഉത്തരവിലേക്ക് കമ്മിഷന്‍ എത്തുകയുള്ളു
കമ്മിഷന്‍റെ അറിയിപ്പ് പ്രകാരം മാധ്യമപ്രവര്‍ത്തകരെത്തിയപ്പോഴാണ് ഇന്നില്ല , ഉത്തരവ് വൈകുമെന്ന അറിയിപ്പ് വന്നത്. മറ്റൊരു പരാതി കൂടി കിട്ടിയെന്നും അയാളെക്കൂടി കേട്ടശേഷമേ തീരുമാനമുള്ളൂ എന്നറിയിക്കുകയായിരുന്നു. ഇനി ഉടന്‍ തീരുമാനമില്ലെന്നാണ് സൂചന. വിധിതീര്‍പ്പ് പ്രഖ്യാപിക്കേണ്ട കമ്മിഷണര്‍ എ.അബ്ദുള്‍ഹക്കിം ഇനി തലസ്ഥാനത്ത് അടുത്ത വെള്ളിയാഴ്ചയേ മടങ്ങിയെത്തുകയുള്ളു.
തിങ്കളാഴ്ച എറണാകുളത്തും, ചൊവ്വ മുതല്‍ വ്യാഴം വരെ ഡല്‍ഹിയിലുമാണ്. മാത്രമല്ല പുതിയ പരാതി മറ്റൊരു ബഞ്ചിലാണ് എത്തിയത്. ആ പരാതി അവിടെ നിന്നും അബ്ദുള്‍ ഹക്കിമിന്‍റെ അടുത്തു വന്നു വാദം കേട്ട ശേഷമേ വിധിയുണ്ടാകൂ. അതായത് സര്‍ക്കാര്‍ ഒഴിവാക്കിയ ഭാഗങ്ങള്‍ കിട്ടാന്‍ ഇനിയും ഏറെ കാത്തിരിക്കണമെന്നര്‍ഥം. ചലച്ചിത്ര ലോകത്തെ അതിപ്രശസ്തനായ വ്യക്തി വരെ ലൈംഗിക ചൂഷണം നടത്തിയെന്ന് ഗുരുതര വെളിപ്പെടുത്തലാണ് ഹേമകമ്മിറ്റി റിപ്പോര്‍ടിലെ 96–ാം പാരഗ്രാഫിലുള്ളത്. എന്നാല്‍ അതിന് ശേഷമുള്ള 11 പാരഗ്രാഫുകള്‍ റിപ്പോര്‍ട്ടിലില്ല. പുറത്തുവിടുന്ന വിഭാഗത്തിലുള്‍പ്പെടുത്തിയ ശേഷം ഈ ഭാഗങ്ങള്‍ സര്‍ക്കാര്‍ അനധികൃതമായി വെട്ടിമാറ്റുകയായിരുന്നു. ഇതിനെതിരെയായിരുന്നു മനോരമ ന്യൂസടക്കം അപ്പീല്‍ നല്‍കിയതും ഇന്നലെ ഇക്കാര്യത്തില്‍ ഉത്തരവ് നല്‍കാമെന്നു കമ്മിഷന്‍ അറിയിച്ചതും.