ഹേമ കമ്മറ്റി റിപ്പോർട്ടിൽനിന്ന് സർക്കാർ അനധികൃതമായി വെട്ടിയ ഭാഗങ്ങൾ ഇന്ന് പുറത്തുവന്നേക്കും. വെട്ടി മാറ്റിയ ഭാഗങ്ങൾ പുറത്തുവിടണമെന്ന അപ്പീലിൽ വിവരാവകാശ കമ്മിഷൻ രാവിലെ 11ന് ഉത്തരവ് പുറപ്പെടുവിക്കും. സർക്കാർ നേരത്തെ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിട്ടപ്പോൾ 11 പാരഗ്രാഫുകളും 4 പേജുകളും അനധികൃതമായി വെട്ടി മാറ്റി എന്നാണ് ആരോപണം. ഈ ഭാഗങ്ങൾകൂടി പുറത്തുവിടണമെന്നാവശ്യപ്പെട്ട് മാധ്യമപ്രവർത്തകർ അടക്കം ഒട്ടേറെപേർ വിവരാവകാശ കമ്മീഷനിൽ അപ്പീൽ നൽകിയിരുന്നു. ആ അപ്പീൽ പരിഗണിച്ചാണ് ഇന്ന് ഉത്തരവ് വരുന്നത്. അപ്പീൽ അംഗീകരിച്ചാൽ രഹസ്യമാക്കി വെച്ചിരിക്കുന്ന ഭാഗം പുറത്തുവിടാൻ സാംസ്കാരിക വകുപ്പ് നിർബന്ധിതരാകും. ചലച്ചിത്ര മേഖലയിലെ അതിപ്രശസ്തനെതിരെ ലൈംഗിക പീഡന ആരോപണമുണ്ട് എന്ന് വെളിപ്പെടുത്തുന്ന പാരഗ്രാഫിന് ശേഷമുള്ള 11 പാരഗ്രാഫുകളാണ് അനധികൃതമായി വെട്ടി മാറ്റിയത്.
ഈ ഭാഗങ്ങൾ അനധികൃതമായി വെട്ടി മാറ്റിയത് അല്ലെന്നും മൊഴി നൽകിയവരുടെ സ്വകാര്യത പരിഗണിച്ച് പുറത്തുവിടേണ്ട എന്ന് നേരത്തെ തന്നെ തീരുമാനിച്ച ഭാഗങ്ങളിൽ ഉൾപ്പെട്ടതാണെന്നുമാണ് സർക്കാരിന്റെ വിശദീകരണം. അതുകൊണ്ട് അപ്പീല്‍ സർക്കാർ എതിർത്തിരുന്നു. ഈ രണ്ടു വാദങ്ങൾ പരിഗണിച്ചായിരിക്കും വിവരാവകാശ കമ്മീഷന്റെ ഉത്തരവ്.