വിവാദത്തിനിടെ കണ്ണൂര്‍ മാടായി കോളജില്‍ എം.കെ രാഘവന്‍ എംപിയുടെ ബന്ധുവിന് നിയമനം നല്‍കി. സഹോദരിയുടെ മകനായ ധനേഷാണ് ഓഫീസ് അറ്റന്‍റര്‍ തസ്തികയില്‍ ജോലിയില്‍ പ്രവേശിച്ചത്. ഇതിനെതിരെ പഴയങ്ങാടിയില്‍ പ്രവര്‍ത്തകര്‍ രാഘവന്‍റെ കോലം കത്തിച്ച് പ്രതിഷേധിച്ചു. പ്രതിരോധത്തിലായതോടെ ‍നിലപാടില്‍ മലക്കംമറിഞ്ഞ ജില്ലാ നേതൃത്വം കോളജ് ഭരണസമിതി അംഗങ്ങളായ പ്രവര്‍ത്തകരെയും സസ്പെന്‍ഡ് ചെയ്തു. 

 

കോഴിക്കോട് എംപിയും കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗവുമായ എം.കെ രാഘവന്‍ ബന്ധുവും ഡിവൈഎഫ്ഐ പ്രവര്‍ത്തകനുമായ ധനേഷിന് നിയമനം നല്‍കാന്‍ ലക്ഷങ്ങള്‍ കോഴവാങ്ങിയെന്നാണ് കോണ്‍ഗ്രസുകാര്‍ തന്നെ ആരോപിച്ചത്. നിയമനം ഉണ്ടാവില്ലെന്ന ഉറപ്പുകിട്ടിയെന്ന് അവകാശപ്പെട്ട കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇന്ന് കേട്ടത് ധനേഷ് ജോലിയില്‍ പ്രവേശിച്ച വിവരമാണ്. പിന്നാലെ കുഞ്ഞിമംഗലം കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി രാജിവെച്ചു. പഴയങ്ങാടിയില്‍ പ്രതിഷേധവുമിരമ്പി. . Also Read: എം.കെ.രാഘവനെ തടഞ്ഞ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രാഥമിക അംഗത്വം സസ്പെന്‍ഡ് ചെയ്തു

 

ഇതിനിടെയാണ് ആദ്യം രാഘവനൊപ്പം നിന്ന കണ്ണൂര്‍ ഡിസിസി, നിലപാടില്‍ മലക്കംമറിയുന്നത്. പ്രവര്‍ത്തകര്‍ ജില്ലാ നേതൃത്വത്തിന്‍റെ നിലപാടിന് എതിരാണെന്ന തിരിച്ചറിവില്‍ കോളജ് ഭരണസിമിതി അംഗങ്ങളായ സംഘടനാ ചുമതലയുള്ള ഫല്‍ഗുണന്‍, പ്രദീപ് കുമാര്‍, കരുണാകരന്‍ മാസ്റ്റര്‍, പി.ടി പ്രതീഷ്, എം.കെ ബാലകൃഷ്ണന്‍ എന്നിവരെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യുകയായിരുന്നു.

സംഘടനാതാല്‍പര്യത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ചുവെന്ന ജില്ലാ നേതൃത്വത്തിന്റെ കണ്ടെത്തല്‍ എം.കെ രാഘവനെ തള്ളുന്നതാണ്. അതേസമയം, കോളജില്‍ രാഘവനെ തടഞ്ഞ കാപ്പാടന്‍ ശശിധരന്‍, വരുണ്‍കൃഷ്ണന്‍, കെ.വി സതീശ് കുമാര്‍, ‌കെ.പി ശശി എന്നിവരുടെ സസ്പെന്‍ഷന്‍ പിന്‍വലിക്കാത്തതും കടുത്ത അതൃപ്തിക്കിടയാക്കുന്നുണ്ട്.

ENGLISH SUMMARY:

Corruption in appointment of madayi college congress protest against mk raghavan mp